റയൽ മാഡ്രിഡിനെ സ്നേഹിക്കാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ലോസ് ബ്ലാങ്കോസ് യുവതാരം
By Sreejith N

റയൽ മാഡ്രിഡിനെ താൻ ഇഷ്‌ടപ്പെടാൻ പ്രധാന കാരണമായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ലോസ് ബ്ലാങ്കോസിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരമായ റോഡ്രിഗോ ഗോസ്. സ്‌പാനിഷ് ക്ലബിനോട് ആദ്യം മുതൽ തന്നെ താൽപര്യം ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ കാരണമാണ് അതു വർധിച്ചതെന്നാണ് റോഡ്രിഗോ പറയുന്നത്.
2019ൽ ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നുമാണ് റോഡ്രിഗോ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ഫോമിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും നിലവിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറിയ റോഡ്രിഗോ റയൽ മാഡ്രിഡ് കരാർ പുതുക്കുന്നതിനെക്കുറിച്ച് സംസാരിക്കെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആരാധന വെളിപ്പെടുത്തിയത്.
"ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എനിക്ക് റയൽ മാഡ്രിഡിനോട് ഇഷ്‌ടമുണ്ടാകാൻ പ്രധാന കാരണം. എനിക്ക് നേരത്തെ തന്നെ ഇഷ്‌ടമായിരുന്നു. എന്നാൽ താരമാണ് അവരിൽ വളരെയധികം താൽപര്യം സൃഷ്‌ടിച്ചത്." എബിസിയോട് സംസാരിക്കുമ്പോൾ റോഡ്രിഗോ പറഞ്ഞു.
റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ പോവുകയാണെന്നും തന്റെ സ്വപ്‌നമാണ് ഈ ക്ലബെന്നും റോഡ്രിഗോ പറഞ്ഞു. 2028 വരെയാണ് റോഡ്രിഗോ റയൽ മാഡ്രിഡ് കരാർ പുതുക്കുക എന്നാണു നിലവിലെ സൂചനകൾ. ഒരു ബില്യൺ യൂറോ റിലീസ് ക്ലോസ് വെച്ചാണ് റയൽ മാഡ്രിഡ് പുതിയ കരാർ ബ്രസീലിയൻ താരത്തിന് നൽകുന്നത്.
ഇരുപത്തിയൊന്നുകാരനായ റോഡ്രിഗോ കഴിഞ്ഞ സീസണിൽ 49 മത്സരങ്ങളിലാണ് റയലിനു വേണ്ടി കളിച്ചത്. ഈ മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ടഗോളുകളാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.