ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുമെന്ന് റയൽ മാഡ്രിഡിന്റെ ഹീറോ റോഡ്രിഗോ

Rodrygo Predicts He Will Score Against Liverpool
Rodrygo Predicts He Will Score Against Liverpool / Alex Livesey - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ഹീറോയായത് ബ്രസീലിയൻ മുന്നേറ്റനിരതാരമായ റോഡ്രിഗോയായിരുന്നു. രണ്ടു ഗോളിന്റെ ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇഞ്ചുറി ടൈമിൽ ഇരട്ടഗോളുകൾ നേടി റയലിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് വെറും ഇരുപത്തിയൊന്നു വയസു മാത്രമുള്ള താരമാണ്.

എക്‌സ്ട്രാ ടൈമിൽ കരിം ബെൻസിമ കൂടി ഗോൾ നേടി വിജയം സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഫൈനലിൽ ലിവർപൂളിനെയാണ് നേരിടുന്നത്. 2018 ഫൈനലിന്റെ ആവർത്തനമായ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി ലിവർപൂളിന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് റോഡ്രിഗോ. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടാൻ വിട്ടുപോയ മൂന്നാം ഗോൾ ലിവർപൂളിനെതിരെ ഫൈനലിൽ നേടുമെന്നാണ് റോഡ്രിഗോ പറയുന്നത്.

"ഞാൻ മൂന്നു ഗോളുകൾ നേടുമെന്ന് എന്റെ അച്ഛനുമായി പന്തയം വെച്ചിരുന്നു, എങ്കിലും എനിക്ക് മൂന്നു ഗോളുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഒരെണ്ണം എനിക്ക് നഷ്‌ടമായി, അതു ഞാൻ ഫൈനലിൽ നേടും. ഈ ജേഴ്‌സിയിൽ എന്തും സംഭവിക്കാം, ഞങ്ങൾ അവസാനം വരെ പോരാടും. എന്താണ് സംഭവിച്ചതെന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ലെന്നതാണ് സത്യം. ഞങ്ങൾ മരണത്തിന്റെ വക്കിലെത്തിയിരുന്നു, ദൈവം സഹായിച്ചു."

"വ്യക്തിപരമായി എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അത്. മത്സരത്തിൽ വന്ന് രണ്ടു ഗോളുകൾ നേടാനും കളിയുടെ ഗതി മാറ്റാനും അതിനായി. ഞാൻ സന്തോഷവാനാണ്. അത് ബെർണാബൂവിലെ മാന്ത്രികനിമിഷം ആയിരുന്നുവത്, കാണികളും ഞങ്ങളെ സഹായിച്ചു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് റോഡ്രിഗോ പറഞ്ഞു.

2019ൽ സാന്റോസിൽ നിന്നും റയൽ മാഡ്രിഡിലേക്ക് 45 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ എത്തിയ റോഡ്രിഗോക്ക് ഈ സീസണിലാണ് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. ഈ സീസണിൽ 44 മത്സരങ്ങളിൽ നിന്നും എട്ടു ഗോളും ഒൻപത് അസിസ്റ്റുമാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.