റയൽ മാഡ്രിഡ് സഹതാരങ്ങൾക്കൊപ്പം ബ്രസീലിയൻ ടീമിലിടം നേടി റോഡ്രിഗോ, ഇതിനു വേണ്ടിയാണു കാത്തിരുന്നതെന്ന് താരം

Getafe CF v Real Madrid CF - La Liga Santander
Getafe CF v Real Madrid CF - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിലെ തന്റെ സഹതാരങ്ങൾക്കൊപ്പം വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലിടം നേടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച് റോഡ്രിഗോ ഗോസ്. ജനുവരി 27നു ഇക്വഡോറിനെതിരെയും ഫെബ്രുവരി 2നു പാരഗ്വായ്‌ക്കെതിരെയും നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിലാണ് റോഡ്രിഗോ ഇടം പിടിച്ചിരിക്കുന്നത്.

ഇതിനു മുൻപ് മൂന്നു മത്സരങ്ങൾ മാത്രമാണ് റോഡ്രിഗോ ബ്രസീലിനു വേണ്ടി കളിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങൾ 2019ലും ഒരു മത്സരം 2020ലുമായിരുന്നു. റോഡ്രിഗോക്കൊപ്പം റയൽ മാഡ്രിഡിലെ ബ്രസീലിയൻ താരങ്ങളായ കസെമീറോ, എഡർ മിലിറ്റാവോ, വിനീഷ്യസ് ജൂനിയർ എന്നിവരും ടിറ്റെയുടെ ടീമിലുണ്ട്.

"ഈ നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. എനിക്ക് വളരാനും ടീമിനെ സഹായിക്കാനും കഴിയുമെന്ന കാര്യം ഉറപ്പാണ്. ഈ അവസരം നൽകിയതിന് ദൈവത്തിനും ടിറ്റെക്കും നന്ദി." സൗദി അറേബിയയിൽ നിന്നുമുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ റോഡ്രിഗോ അറിയിച്ചു.

ഖത്തർ ലോകകപ്പിന് ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന ആദ്യത്ത ടീമായ ബ്രസീലിന് ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളെല്ലാം അപ്രധാനമാണ്. എന്നാൽ റോഡ്രിഗോ അടക്കമുള്ള പല താരങ്ങൾക്കും ലോകകപ്പിനു മുൻപ് ബ്രസീൽ ടീമിൽ കഴിവു തെളിയിക്കാനുള്ള അവസരം ഈ മത്സരങ്ങൾ നൽകും.

അതേസമയം ബ്രസീലിന്റെ മത്സരം റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഒരു ആശങ്ക കൂടിയാണ്. ഫെബ്രുവരി രണ്ടിനാണ് ടീമിന്റെ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരം നടക്കാനുള്ള സാധ്യത. അങ്ങിനെയാണെങ്കിൽ ഈ താരങ്ങളെ അവർക്ക് നഷ്‌ടമാകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.