ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി റോഡ്രിഗോ

തനിക്ക് ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി റയല്‍ മാഡ്രിഡിന്റെ ബ്രസീലിയിന്‍ യുവതാരം റോഡ്രിഗോ. ഇ.എസ്.പി.എന്നിന് നല്കിയ അഭിമുഖത്തിലാണ് റോഡ്രിഗോ തന്റെ ആത്മിവശ്വാസം പ്രകടിപ്പിച്ചത്. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന് 45 മില്യന്‍ യൂറോക്കായിരുന്നു റോഡ്രിഗോ 2019ൽ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിയത്.
റയല്‍ മാഡ്രിഡിലെത്തിയ ആദ്യ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച റോഡ്രിഗോ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് സ്പാനിഷ് ക്ലബിന് വേണ്ടി പുറത്തെടുത്തത്. അവസാന സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 49 മത്സരത്തില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ സ്വന്തമാക്കാന്‍ റോഡ്രിഗോക്ക് കഴിഞ്ഞിരുന്നു.
"ഒരു ദിവസം ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ചവനായിരിക്കുമെന്ന് സിദാന് പറഞ്ഞിരുന്നു. ആന്‍സലോട്ടിയും അങ്ങനെ പറഞ്ഞിരുന്നു. അവിടെ എത്താന്‍ വേണ്ടി എല്ലാ ദിവസവും ഞാന്‍ ശ്രമിക്കുന്നുണ്ട്," റോഡ്രിഗോ വ്യക്തമാക്കി. "ഞാന്‍ വളരെ സന്തോഷവാനാണ്. എനിക്ക് ആ സ്വപ്നം ഉണ്ട്. ഓരോ ദിവസവും എന്നെതന്നെ സമര്‍പ്പിച്ചാല്‍ എനിക്ക് ആ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് എനിക്കറിയാം," റോഡ്രിഗോ കൂട്ടിച്ചേര്‍ത്തു.
അവസാന സീസണില്‍ റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും റോഡ്രിഗോ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയുള്ള ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റോഡ്രിഗോയുടെ ഗോളിലായിരുന്നു റയല്‍ മാഡ്രിഡ് തിരിച്ചുവരവ് നടത്തിയത്. ബ്രസീലിനായി അഞ്ച് അന്താരാഷ്ട്ര മത്സരം കളിച്ച താരമാണ് റോഡ്രിഗോ. നെയ്മര്‍ വിരമിക്കുമ്പോള്‍ പത്താം നമ്പര്‍ ജഴ്സി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും സംസാരത്തിനിടെ റോഡ്രിഗോ വ്യക്തമാക്കി.