Football in Malayalam

പ്രൊഫഷണലിസത്തിന്റെ മാതൃകയായി ഡി പോൾ, അത്ലറ്റികോ മാഡിഡിനൊപ്പം ചേരാൻ താരം ഒഴിവു ദിവസങ്ങൾ വെട്ടിച്ചുരുക്കുന്നു

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

കളിക്കളത്തിലെ ആത്മാർത്ഥമായ പ്രകടനം കൊണ്ട് തന്നെ ഏവരെയും ആകർഷിച്ച താരമാണ് റോഡ്രിഗോ ഡി പോൾ. ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ സീസണിൽ പതിനാലാം സ്ഥാനത്തേക്കു വീണ യുഡിനസിനു വേണ്ടി കളിച്ചിരുന്ന താരം അർജന്റീനക്കു വേണ്ടി കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റുകയുണ്ടായി. ഫൈനലിൽ അർജന്റീന നേടിയ ഒരേയൊരു ഗോളിന്റെ അസിസ്റ്റും താരത്തിന്റെ വകയായിരുന്നു.

കഴിഞ്ഞ സീസണിൽ ലാ ലിഗ കിരീടം സ്വന്തമാക്കിയ അത്ലറ്റികോ മാഡ്രിഡ് കോപ്പ അമേരിക്കക്കു മുൻപ് തന്നെ റോഡ്രിഗോ ഡി പോളിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ അത്ലറ്റികോ മാഡ്രിഡിന് പ്രൊഫെഷനലിസത്തിന്റെ പുതിയൊരു രീതി കാണിച്ചു കൊടുക്കുകയാണ് അർജന്റൈൻ മധ്യനിര താരം. അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ വേണ്ടി തന്റെ ഒഴിവു ദിവസങ്ങൾ വെട്ടിക്കുറച്ച് ടീമിനൊപ്പം നേരത്തെ പരിശീലനത്തിനു ചേരാനാണ് ഡി പോൾ ഒരുങ്ങുന്നത്.

അവസാനത്തെ മത്സരത്തിനു ശേഷം മൂന്നാഴ്‌ച താരങ്ങൾക്ക് ഒഴിവുദിവസങ്ങൾ ലഭിക്കുമെന്നാണ് ഫുട്ബോളിലെ നിയമം. അർജന്റീനയുടെ അവസാന കോപ്പ അമേരിക്ക മത്സരം ജൂലൈ 11നായിരുന്നു എന്നതു കൊണ്ടു തന്നെ ഓഗസ്റ്റ് 1 വരെ താരത്തിന് ഏറ്റവും ചുരുങ്ങിയത് ഒഴിവുകാലമായി ലഭിക്കുമായിരുന്നു. എന്നാൽ അതു വെട്ടിച്ചുരുക്കി ജൂലൈ 25നു തന്നെ ടീമിനൊപ്പം ചേരാനാണ് റോഡ്രിഗോ ഡി പോൾ ഒരുങ്ങുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസ് റിപ്പോർട്ടു ചെയ്‌തു.

സിമിയോണിയുടെ ശൈലിയുമായി ഇണങ്ങിച്ചേർന്ന് അടുത്ത സീസണിലെ ആദ്യത്തെ മത്സരം മുതൽ ടീമിനു വേണ്ടി ഇറങ്ങുന്നതിനാണ് ഡി പോൾ നേരത്തെ ടീമിലെത്തുന്നത്. ഡി പോളിന്റെ വരവ് അത്ലറ്റികോ മാഡ്രിഡിന് കൂടുതൽ കരുത്തു പകരുമെന്നതിൽ യാതൊരു സംശയവുമില്ല. റയലിനും ബാഴ്‌സക്കുമത് അടുത്ത സീസണിൽ വെല്ലുവിളി ഉയർത്താനും സാധ്യതയുണ്ട്.


facebooktwitterreddit