Football in Malayalam

അത്ലറ്റികോ മാഡ്രിഡിനെ പോലെയൊരു വലിയ ക്ലബിന്റെ ഭാഗമായത് സ്വപ്‌ന സാക്ഷാത്കാരമെന്ന് റോഡ്രിഗോ ഡി പോൾ

Sreejith N
Argentina v Chile: Group A - Copa America Brazil 2021
Argentina v Chile: Group A - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടധാരണത്തിൽ നിർണായക സാന്നിധ്യമായിരുന്ന റോഡ്രിഗോ ഡി പോളിന്റെ സാന്നിധ്യം അടുത്ത സീസണിൽ കിരീടം നിലനിർത്താൻ തയ്യാറെടുക്കുന്ന അത്ലറ്റികോ മാഡ്രിഡിന് കൂടുതൽ കരുത്തു പകരുന്നതാണ്. കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപു തന്നെ അത്ലറ്റികോ മാഡ്രിഡ് ട്രാൻസ്‌ഫർ പൂർത്തിയാക്കിയ ഡി പോൾ തന്റെ ഒഴിവു ദിവസങ്ങൾ വെട്ടിക്കുറച്ചാണ് ടീമിനൊപ്പം ചേർന്നത്.

വളരെയധികം പ്രൊഫെഷണലിസം പുലർത്തുകയും കളിക്കളത്തിൽ കഠിനാധ്വാനം നടത്തുകയും ചെയ്യുന്ന ഡി പോൾ അത്ലറ്റികോ മാഡ്രിഡ് ടീമിനൊപ്പം ചേർന്ന് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ക്ലബിലെ ജീവിതം താരം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നു വ്യക്തമാണ്. അത്ലറ്റികോ മാഡ്രിഡിന്റെ മീഡിയയോടു സംസാരിക്കുമ്പോൾ താരം ക്ലബിൽ വന്നതിനു ശേഷമുണ്ടായ അനുഭവത്തെക്കുറിച്ചും പരിശീലകൻ സിമിയോണിയെക്കുറിച്ചുമെല്ലാം സംസാരിക്കുകയുണ്ടായി.

"ഇതൊരു വലിയ ക്ലബാണെങ്കിലും ഇവിടെയുള്ളവർ ഒരു കുടുംബം പോലെയുള്ള അനുഭവമാണ് എനിക്കു നൽകിയത്. എന്റെ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ഇത്. അതു ഞാൻ സാക്ഷാത്കരിച്ചു, ഇനിയെനിക്ക് ഈ മനോഹരമായ ക്ലബിലെ ചരിത്രത്തിന്റെ ഭാഗമാക്കണം. ക്ലബിലുള്ളവർ എന്നെ നല്ല രീതിയിലാണ് സ്വീകരിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്, ടീമിനൊപ്പം ഇണങ്ങിച്ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു."

"ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾക്ക് കീഴിൽ കളിക്കുകയെന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ കരിയറിലെ നേട്ടങ്ങൾ ഒരിക്കലും വിസ്‌മൃതിയിലേക്ക് പോകുന്നില്ല. സിമിയോണിയിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കുന്നതിനൊപ്പം അതെന്നെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഫുട്ബോളിനെ മനസിലാക്കുന്നതും ആസ്വദിക്കുന്നതും സമാനമായ തലത്തിലാണ്."

കോപ്പ അമേരിക്ക കിരീടമുയർത്തിയതിനു സമാനമായ നേട്ടം അത്ലറ്റികോ മാഡ്രിഡിനൊപ്പവും പ്രതീക്ഷിക്കുന്നുവെന്നും ഡി പോൾ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ഇരുപത്തിയെട്ടു വർഷമായി കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ല. അതുയർത്തിയത്തിന്റെ അതെ സന്തോഷം അത്ലറ്റികോ മാഡ്രിഡിനൊപ്പവും സൃഷ്ടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഈ ക്ലബിനൊപ്പം ചരിത്രം സൃഷ്ടിക്കുകയാണ് എന്റെ ലക്‌ഷ്യം."

അടുത്ത സീസണിൽ ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയും റോഡ്രിഗോ ഡി പോൾ പ്രകടിപ്പിച്ചു. ആരാധകർ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നും അവരെ സന്തോഷിപ്പിച്ച് അവർക്കൊപ്പം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


facebooktwitterreddit