പുതിയ സൈനിംഗുകൾ നടത്തിയതിനാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ശൈലിയിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് റോഡ്രി

Rodri Says Man City May Have To Change Playing Style
Rodri Says Man City May Have To Change Playing Style / James Gill - Danehouse/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ സൈനിംഗുകൾ നടത്തിയ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണിൽ ശൈലിയിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് ടീമിന്റെ മധ്യനിര താരമായ റോഡ്രി അഭിപ്രായപ്പെട്ടു. സമ്മർ ജാലകത്തിൽ ടീമിലേക്കെത്തിയ പുതിയ താരങ്ങളെ കൃത്യമായി കൂട്ടിയിണക്കി മികച്ച പ്രകടനം നടത്താൻ അത്തരമൊരു മാറ്റം അനിവാര്യമാണെന്നാണ് സ്‌പാനിഷ്‌ മിഡ്‌ഫീൽഡർ പറയുന്നത്.

സമ്മർ ജാലകത്തിൽ നാല് പുതിയ സൈനിംഗുകളാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത്. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കിയതിനു പുറമെ അർമേനിയ ബിലെഫെൽഡിൽ നിന്നും സ്റ്റെഫാൻ ഒർട്ടേഗ, ലീഡ്‌സ് യുണൈറ്റഡ് താരം കാൽവിൻ ഫിലിപ്പ്സ്, റിവർപ്ളേറ്റിൽ നിന്നും ജൂലിയൻ അൽവാരസ് എന്നിവരും ടീമിലെത്തുകയുണ്ടായി.

"അതു നന്നായി മുന്നോട്ടു പോവുകയാണെങ്കിൽ കുഴപ്പമില്ല, പക്ഷെ ചിലപ്പോഴൊക്കെ പുതിയ താരങ്ങളെത്തുമ്പോൾ അതിനോട് ഇണങ്ങിച്ചേരുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യണം. ഒരുപാട് ഇതൊരുപാട് നല്ല മാറ്റങ്ങൾ വരുത്തും, പൊതുവായുള്ള നല്ല മാറ്റങ്ങൾ." സ്കൈ സ്പോർട്ട്സിനോടു പറഞ്ഞ റോഡ്രി സെൻട്രൽ സ്‌ട്രൈക്കറായി ഹാലൻഡ്‌ എത്തുന്നതാണ് ടീമിൽ മാറ്റങ്ങൾ വരുത്തുകയെന്നും വ്യക്തമാക്കി.

"ഞങ്ങൾ മൂന്നു വർഷത്തോളമായി ഫാൾസ് നയനെ ഉപയോഗിച്ചാണ് കളിച്ചത്, അത് വിജയങ്ങൾ നൽകുകയും ചെയ്‌തു. ഞങ്ങളതിൽ നിന്നും മാറാൻ പോവുകയാണെന്നു തോന്നുന്നു, എങ്ങനെയെന്നു നമുക്ക് കണ്ടറിയാം." ഏതാനും ദിവസങ്ങൾക്കു മുൻപ് മാഞ്ചസ്റ്റർ സിറ്റിയുമായി അഞ്ചു വർഷത്തെ പുതിയ കരാറൊപ്പിട്ട റോഡ്രി പറഞ്ഞു.

നാല് പുതിയ താരങ്ങളെത്തിയപ്പോൾ മുന്നേറ്റനിരയിലെ റഹീം സ്റ്റെർലിങ്, ഗബ്രിയേൽ ജീസസ് എന്നീ താരങ്ങൾ മാഞ്ചസ്റ്റർ സിറ്റി വിടുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സിൻചെങ്കോയും ക്ലബ് വിടാൻ തയ്യാറെടുക്കുന്നതിനാൽ ബ്രൈറ്റൻ താരമായ കുകുറയ്യയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.