മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ പരസ്‌പരമുള്ള മത്സരം മറ്റൊരു ടീമിനും ആവർത്തിക്കാൻ കഴിയില്ലെന്ന് റോഡ്രി
By Sreejith N

പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ ഇപ്പോൾ പരസ്‌പരം നിലനിൽക്കുന്ന മത്സരം അതുപോലെ ആവർത്തിക്കാൻ മറ്റൊരു ടീമിനും കഴിയുമെന്നു കരുതുന്നില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരമായ റോഡ്രി. താൻ കരിയറിൽ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളി ലിവർപൂളാണെന്നും സ്‌പാനിഷ് താരം പറഞ്ഞു.
യൂറോപ്യൻ ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ ശക്തികളായി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും മാറുന്നുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിയപ്പോൾ ഇത്തവണ ലിവർപൂളാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. രണ്ടു ടീമുകളും പ്രീമിയർ ലീഗ് കിരീടത്തിനായും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തുന്നുണ്ട്.
Rodri:
— Anfield Watch (@AnfieldWatch) May 11, 2022
"Without a doubt, Liverpool is the best opponent I have ever faced." #awlive [mcfc]
"ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും അതേ തലത്തിൽ ഒരു ടീമിനെ ഭാവിയിൽ കണ്ടെത്തുക വളരെ ബുദ്ധിമുട്ടു നിറഞ്ഞ കാര്യമായിരിക്കുമെന്ന് ഞാൻ കരുതുന്നു. നമുക്ക് നോക്കാം, രണ്ടു ടീമുകളും വ്യത്യസ്‌തമായ ശൈലി കൊണ്ട് നിർമിക്കപ്പെട്ടവരാണെങ്കിലും കഴിവിന്റെ കാര്യത്തിൽ തുല്യരാണ്. ലിവർപൂളാണ് ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളിയെന്ന് ഒരു സംശയവും ഇല്ലാതെ പറയാം." റോഡ്രി മാഞ്ചസ്റ്റർ സിറ്റിയുടെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ പറഞ്ഞു.
വെസ്റ്റ്ഹാമിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇറങ്ങിയാൽ റോഡ്രിയുടെ നൂറാമത്തെ പ്രീമിയർ ലീഗ് മത്സരം ആയിരിക്കുമത്. അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം തന്റെ വീടു പോലെയാണ് തോന്നിയതെന്നും പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം വളരെ ശക്തമായതിനാൽ തന്നെ അതു സ്വന്തമാക്കുന്നതിനെ ഏവരും വളരെയധികം മതിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.