ലോകകപ്പിനുള്ള ബെൽജിയം ടീമിൽ സ്ഥാനമുറപ്പിക്കാൻ ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചനകൾ നൽകി റോബർട്ടോ മാർട്ടിനസ്


ഈ വർഷാവസാനം നടക്കുന്ന ലോകകപ്പിനുള്ള ബെൽജിയം ടീമിൽ സ്ഥാനമുറപ്പിക്കാൻ ലുക്കാക്കു ചെൽസി വിടേണ്ടി വരുമെന്ന സൂചനകൾ നൽകി ദേശീയടീം പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ചെൽസിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ആദ്യഇലവനിൽ ഇടം നേടിയിട്ടില്ലാത്ത താരം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ സ്ഥിതി വിലയിരുത്തണമെന്നാണ് മാർട്ടിനസ് ആവശ്യപ്പെടുന്നത്.
"റൊമേലുവിനെ പോലുള്ള കളിക്കാരെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അവർ നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളും ദേശീയ ടീമിനെ നന്നായി അറിയുന്ന ഈ കളിക്കാരുടെ ഗ്രൂപ്പിന്റെ ഭാഗവുമാണ്. സമ്മർ കഴിയുന്നതു വരെ ഞാനൊരു കളിക്കാരന്റെയും അവസ്ഥ വിലയിരുത്താൻ പോകുന്നില്ല. കാരണം ഇതൊരു സാധാരണ സാഹചര്യമല്ല."
Lukaku might have to QUIT Chelsea before World Cup, hints Belgium boss Martinez #ChelseaFC https://t.co/2DupmosPii
— The Sun - Chelsea (@SunChelsea) April 2, 2022
ലോകകപ്പിന് ഇനിയും ഏഴു മാസമുണ്ട്. അതിലേക്ക് അടുത്തു കൊണ്ടിരിക്കെ ഒരു കളിക്കാരന് എങ്ങിനെ അനുഭവപ്പെടുന്നു എന്നതിന്റെ വിശദവിവരങ്ങൾ വേണ്ടി വരും. എന്നാൽ ക്ലബുകൾ മാറാനും വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടാൻ സാധ്യതയും ഉള്ള നിരവധി കളിക്കാറുണ്ട്." ദി സണിനോട് മാർട്ടിനസ് പറഞ്ഞു.
"റൊമേലുവിന്റെ സാഹചര്യം എന്താണെന്ന് സെപ്തംബർ മാസത്തിൽ വിലയിരുത്തേണ്ടതുണ്ട്. ഈഡൻ ഹസാർഡ് അടക്കമുള്ള മറ്റു ചില താരങ്ങളെപ്പോലെ തന്നെ. എന്നാൽ സമ്മർ കരിയറിന് വലിയൊരു നിമിഷമായേക്കാവുന്ന കളിക്കാറിൽ ഒരാളാണ് അദ്ദേഹം." മാർട്ടിനസ് വ്യക്തമാക്കി.
എല്ലാ കളിക്കാരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും റൊമേലുവിന്റെ നിലവിലെ ടീമിലെ സ്ഥാനം സുരക്ഷിതമായി നിൽക്കുന്നുവെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു. അതേസമയം ചെൽസിയിൽ അവസരങ്ങൾ നഷ്ടമാവുന്നതു തുടർന്നാൽ താരം സമ്മറിൽ ക്ലബ് വിടുന്നതു പരിഗണിച്ച് ലോകകപ്പ് ടീമിലെ സ്ഥാനം സുരക്ഷിതമാക്കണം എന്നു തന്നെയാണ് മാർട്ടിനസ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.