Football in Malayalam

യൂറോ കിരീടനേട്ടത്തിൽ നിന്നും പുറത്തു കടന്നാലേ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിയൂവെന്ന് റോബർട്ടോ മാൻസിനി

Sreejith N
Italy Training Session & Press Conference
Italy Training Session & Press Conference / Claudio Villa/GettyImages
facebooktwitterreddit

2022 ലോകകപ്പിനു നേരിട്ടു യോഗ്യത നേടാൻ ഇറ്റാലിയൻ ടീമിനു കഴിയാഞ്ഞതിൽ നിരാശ വെളിപ്പെടുത്തി പരിശീലകൻ റോബർട്ടോ മാൻസിനി. ലോകകപ്പ് യോഗ്യതക്കുള്ള ഗ്രൂപ്പ് സിയിൽ സ്വിറ്റസർലൻഡിനു പിന്നിൽ രണ്ടാം സ്ഥാനത്തു വന്ന ഇറ്റലിക്ക് ഖത്തറിലേക്കുള്ള ടിക്കറ്റ് നേടണമെങ്കിൽ പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയയെയും അതിനു ശേഷം പോർച്ചുഗൽ അല്ലെങ്കിൽ തുർക്കി എന്നിവരെയും മറികടക്കേണ്ട അവസ്ഥയാണിപ്പോൾ ഉള്ളത്.

2018 ലോകകപ്പിനു യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലി മാൻസിനി പരിശീലകനായി എത്തിയതിനു ശേഷം നടത്തിയ കുതിപ്പ് ഏവർക്കും അവിശ്വസനീയമായിരുന്നു. 37 മത്സരങ്ങൾ തുടർച്ചയായി പരാജയം അറിയാതെ മുന്നേറിയ അവർ അതിനിടയിൽ 1968നു ശേഷം ആദ്യമായി യൂറോ കിരീടവും സ്വന്തമാക്കി. എന്നാൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ ജയിക്കാൻ കഴിയാവുന്ന മത്സരങ്ങളിൽ പുറകോട്ടു പോയതാണ് ടീമിനു തിരിച്ചടിയായത്.

"ഇറ്റലിക്ക് യോഗ്യത നേടാൻ കഴിയും, പക്ഷെ ഇത് ഫുട്ബോളാണ്. ചിലപ്പോൾ നിങ്ങൾ വിജയിക്കാൻ അര്ഹരായിരിക്കും ചിലപ്പോൾ വിജയിക്കില്ല. ഞങ്ങൾ നേരത്തെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ അർഹരായിരുന്നു. അത് കൈവിടുകയും ഇപ്പോൾ ഏറ്റവും വലിയൊരു ജോലി അടുത്ത രണ്ടു മത്സരങ്ങളിൽ ഞങ്ങളെ കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ എനിക്കു പ്രതീക്ഷയുണ്ട്, സ്വിറ്റസർലൻഡുള്ള ഞങ്ങളുടെ ഗ്രൂപ്പ് കടുപ്പമാകുമെന്ന് എനിക്കറിയാമായിരുന്നു. യോഗ്യത നേടാൻ കഴിയുമെന്ന് വിചാരിച്ചെങ്കിലും അത് കടുപ്പമാകുമെന്ന് അറിയാമായിരുന്നു."

യൂറോ കപ്പ് വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാൻസിനിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. "അസാധാരണമായ ഒരു കാര്യമാണ് ഞങ്ങൾ ചെയ്‌തത്‌, മില്യൺ വരുന്ന ജനതയെ ഞങ്ങൾ സന്തോഷിപ്പിച്ചു, അതാണ് ഏറ്റവും മനോഹരമായതും ഞങ്ങൾ അഭിമാനം കൊള്ളുന്നതുമായ കാര്യം. പക്ഷെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്, അതിൽ നിന്നു മാറി മറ്റുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കണം." മാൻസിനി സ്കൈ സ്പോർട്സ് ഇറ്റാലിയയോട് നിലപാട് വ്യക്തമാക്കി.

ലോകകപ്പ് പ്ലേ ഓഫിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയുടെ ആദ്യത്തെ എതിരാളികൾ. അവർക്കെതിരെ വിജയം നേടിയാൽ അടുത്ത കളിയിൽ തുർക്കി-പോർച്ചുഗൽ മത്സരത്തിലെ വിജയിയെ അവർക്ക് നേരിടേണ്ടി വരും. ഇതെല്ലാം വിജയിച്ച് ഇറ്റലി ലോകകപ്പ് യോഗ്യത നേടിയാൽ 2022 ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ടീം ഉണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit