ജോർജിന്യോ ബാലൺ ഡി ഓർ നേടിയില്ലെങ്കിൽ അതു വിചിത്രമായിരിക്കും, ഇറ്റാലിയൻ താരത്തിനു പിന്തുണയുമായി മാൻസിനി


2021 വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ജോർജിന്യോക്ക് പിന്തുണ നൽകി ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻസിനി. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും ഉയർത്തിയ മധ്യനിര താരം ഈ വർഷത്തെ പുരസ്കാരം നേടിയില്ലെങ്കിൽ അതു വിചിത്രമായ കാര്യമായിരിക്കും എന്നാണു മാൻസിനി പറഞ്ഞത്.
ബാലൺ ഡി'ഓറിനുള്ള അവസാന മുപ്പതു പേരുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള ജോർജിന്യോ പുരസ്കാര സാധ്യത ഏറ്റവുമധികമുള്ള താരങ്ങളിൽ ഒരാളായാണു കണക്കാക്കപ്പെടുന്നത്. ലയണൽ മെസി, കരിം ബെൻസിമ, ലെവൻഡോസ്കി, കാന്റെ, റൊണാൾഡോ എന്നിവർക്കും സാധ്യത കല്പിക്കപ്പെടുന്നുണ്ടെങ്കിലും ജോർജിന്യോ തന്നെയാണ് അതിനർഹനെന്നാണ് മാൻസിനി പറയുന്നത്.
Italy's?? coach Roberto Mancini thinks Jorginho should win the #BallonDor2021 ??https://t.co/XMhDqKfDCc
— beIN SPORTS USA (@beINSPORTSUSA) October 10, 2021
"വളരെ മികച്ച താരങ്ങളായതു കൊണ്ടാണ് അവർ പട്ടികയിലുള്ളത്, ഞാൻ കാരണമല്ല. എന്റെ അഭിപ്രായത്തിൽ ജോർജിന്യോയാണ് ബാലൺ ഡി ഓർ നേടേണ്ടത്. എല്ലാ വിജയങ്ങളും നേടിയ താരം അതർഹിക്കുന്നു. ജോർജിന്യോ പുരസ്കാരം നേടിയില്ലെങ്കിൽ എന്നെ സംബന്ധിച്ച് അതു വിചിത്രമായ കാര്യമായിരിക്കും," മാൻസിനി മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമപ്രവർത്തകൾ, ഇന്റർനാഷണൽ ടീമുകളുടെ പരിശീലകർ, നായകന്മാർ തുടങ്ങിയവരിൽ നിന്നും ജോർജിന്യോക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും മെസി ചെൽസി താരത്തിന് വെല്ലുവിളി ഉയർത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ നടത്തിയ പ്രകടനവും അർജന്റീനക്ക് കോപ്പ അമേരിക്ക നേടിക്കൊടുത്തതുമാണ് മെസിക്ക് സാധ്യത നൽകുന്നത്.
ബാലൺ ഡി ഓർ നേട്ടം താൻ ആഗ്രഹിക്കുന്നുണ്ടെന്നു തന്നെയാണ് ആഴ്ചകൾക്കു മുൻപ് ജോർജിന്യോ പ്രതികരിച്ചത്. ബ്രസീലിൽ ജനിച്ച് പിന്നീട് ഇറ്റലിയിലേക്ക് ചേക്കേറിയ ജോർജിന്യോ പുരസ്കാരം നേടിയാൽ അത് ബ്രസീൽ ജനതക്കും അഭിമാനം തന്നെയാണ്.