റോബർട്ടോ ഫിർമിനോ ലിവർപൂൾ വിടുന്നു, താരം ചേക്കേറുക ഇറ്റലിയിലേക്ക്
By Sreejith N

ലിവർപൂൾ മുന്നേറ്റനിര താരമായ റോബർട്ടോ ഫിർമിനോ ക്ലബ് വിടുന്നതിന്റെ തൊട്ടരികിലാണെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലീഷ് ക്ലബിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരം അടുത്തു തന്നെ ഇറ്റാലിയൻ ക്ലബായ യുവന്റസിലെത്തുമെന്ന് പെഡ്രോ ആൽമീഡയാണ് റിപ്പോർട്ടു ചെയ്യുന്നത്.
2015 മുതൽ ലിവർപൂൾ താരമാണ് റോബർട്ടോ ഫിർമിനോ. ക്ളോപ്പ് ടീമിലെത്തിച്ച താരമല്ലാതിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ പദ്ധതികളിൽ വളരെ പ്രധാനിയായി മാറിയ താരം യൂറോപ്പിൽ ലിവർപൂൾ അവരുടെ അപ്രമാദിത്വം വീണ്ടെടുക്കുന്നതിനു വളരെ സഹായിച്ചിട്ടുണ്ട്.
ടീമിന്റെ തന്ത്രങ്ങൾ മാറുന്നതനുസരിച്ച് കളിക്കാൻ കഴിയുന്ന താരം എന്നതാണ് ഫിർമിനോയുടെ വലിയ പ്രത്യേകത. ഒരു പ്രോപ്പർ സ്‌ട്രൈക്കറായും, ഫാൾസ് നയൻ പൊസിഷനിലും മധ്യനിരയിൽ ഇറങ്ങിയിട്ടും താരത്തിന് കളിക്കാൻ കഴിയും. യുവന്റസും ഇതു പരിഗണിച്ചാണ് ഫിർമിനോയെ ടീമിന്റെ ഭാഗമാകുന്നത്.
ലൂയിസ് ഡയസ്, ഡാർവിൻ നുനസ് എന്നിവർ ടീമിലെത്തിയതോടെ ലിവർപൂളിൽ അവസരങ്ങൾ കുറയുമെന്നതു കൊണ്ടാണ് ഫിർമിനോ ലിവർപൂൾ വിടാൻ തയ്യാറെടുക്കുന്നത്. അവസരങ്ങൾ ലഭിച്ച് മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ താരത്തിന് ഇടം കണ്ടെത്താൻ കഴിയുകയുള്ളൂ.