FC Barcelona News

ബാഴ്സലോണക്കൊപ്പം കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെന്ന് റോബർട്ട്‌ ലെവൻഡോവ്സ്കി

Vaisakh. M
Lewandowski leaves Bayern Munich as a club legend
Lewandowski leaves Bayern Munich as a club legend / BSR Agency/GettyImages
facebooktwitterreddit

ബുണ്ടസ്‌ലിഗയിലെ തന്റെ അസാധാരണ പ്രകടനത്തെ തുടർന്ന് യൂറോപ്പിലെ മുൻനിര കളിക്കാരിൽ ഒരാളായി മാറിയ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ബയേൺ വിടാനുള്ള ആഗ്രഹം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ലാലിഗയിലേക്കുള്ള ഈ നീക്കം തനിക്ക് ഒഴിവാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ഇപ്പോൾ വിശദീകരിച്ചിരിക്കുകയാണ്. ബാഴ്സക്കൊപ്പം കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നുവെന്നും ലെവൻഡോവ്സ്കി കൂട്ടിച്ചേർത്തു.

"ബുണ്ടസ്‌ലിഗയല്ലാതെ മറ്റൊരു ലീഗിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു, ഞാൻ ആ തീരുമാനം വളരെക്കാലം മുൻപേ എടുത്തിരുന്നു. എന്നാൽ എനിക്ക് ഊന്നിപ്പറയേണ്ടതുണ്ട്: ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു. എനിക്ക് മറ്റെവിടെയെങ്കിലും ജീവിക്കണം,  എന്റെ കുടുംബത്തിനൊപ്പം പുതിയ എന്തെങ്കിലും കണ്ടെത്തണം. എന്റെ മകൾ ക്ലാരക്ക് അടുത്ത വർഷം സ്‌കൂൾ തുടങ്ങും, ഞങ്ങൾക്കൊരു തീരുമാനം എടുക്കണം. ആ തീരുമാനം പുതിയതായിരിക്കണം. ഇപ്പോഴല്ലെങ്കിൽ ഒരുപക്ഷെ അത് ഒരിക്കലും സാധ്യമാകുമായിരുന്നില്ല. അത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായിരുന്നു.

"കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ക്ലബ്ബിന് അവിശ്വസനീയമായ സാധ്യതകളുണ്ട്, ഇപ്പോൾ മികച്ച ട്രാൻസ്ഫറുകൾ നടത്തി. ക്ലബ് ശരിയായ പാതയിലാണെന്ന് ഞാൻ കരുതുന്നു - മുകളിലേക്ക് തന്നെയാണ്.  എന്റെ ലക്ഷ്യം വളരെ വ്യക്തമാണ്!  അവിടെയെത്തി ബാഴ്‌സയ്‌ക്കൊപ്പം ട്രോഫികൾ നേടുക എന്നത് തന്നെയാണ്," ലെവൻഡോവ്സ്കി ജർമൻ മാധ്യമമായ ബിൽഡിനോട് പറഞ്ഞു.

ലെവൻഡോവ്സ്കിയെ കൈവിടരുതെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ബയേൺ നിലകൊണ്ടിരുന്നത്. അത് താരവും ക്ലബ്ബും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നിരുന്നാലും അവസാനം ക്ലബ്ബ് വിട്ടതിനുശേഷം എല്ലാവർക്കും കിട്ടേണ്ടത് കിട്ടിയെന്നും ലെവൻഡോവ്സ്കി ചൂണ്ടിക്കാട്ടി.

"ഇരുപക്ഷവും അനാവശ്യമായ കാര്യങ്ങളാണ് ചെയ്തതെന്ന് ഞാൻ പറഞ്ഞു. പക്ഷേ അവസാനം മാറ്റം സാധ്യമാകാൻ ചില കാര്യങ്ങൾ സംഭവിക്കേണ്ടി വന്നേക്കാം. ഇപ്പോൾ ഇരുപക്ഷവും സന്തുഷ്ടരാണെന്ന് ഞാൻ കരുതുന്നു. ബയേണിന് ധാരാളം പണം ലഭിക്കുന്നു. എനിക്ക് ബാഴ്സലോണയിലും പോകാം.

"ഇത് ഒരു നീണ്ട, ബുദ്ധിമുട്ടുള്ള പാതയാണ്, പക്ഷേ അവസാനം നമുക്കെല്ലാവർക്കും പരസ്പരം കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു," ലെവൻഡോവ്സ്കി പറഞ്ഞു.


facebooktwitterreddit