Football in Malayalam

ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ സന്നദ്ധതയറിയിച്ച് ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ ലെവൻഡോസ്‌കി

Sreejith N
Robert Lewandowski Wants To Sign For Barcelona
Robert Lewandowski Wants To Sign For Barcelona / Alexander Hassenstein/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കി വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണോടെ ബയേൺ മ്യൂണിക്ക് കരാർ അവസാനിക്കുന്ന താരം കാറ്റലൻ ക്ലബിലെത്താനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പന്ത്രണ്ടു വർഷമായി ജർമനിയിലും ഒൻപതു വർഷമായി ബയേൺ മ്യൂണിക്കിലും കളിക്കുന്ന ലെവൻഡോസ്‌കി ആവശ്യപ്പെട്ട കരാർ നൽകാൻ ബയേൺ മ്യൂണിക്ക് തയ്യാറാകാത്തതിനെ തുടർന്നാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. താരത്തിന്റെ ഏജന്റായ പിനി സാഹ്‌വി ബാഴ്‌സലോണ പ്രസിഡന്റുമായി അടുത്ത ബന്ധം പുലർത്തുന്നത് ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

2010ൽ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുകയും അതിനു ശേഷം 2014ൽ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുകയും ചെയ്‌ത റോബർട്ട് ലെവൻഡോസ്‌കി മറ്റു ലീഗുകളിൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കോവിഡിനെത്തുടർന്ന് ക്ലബുകൾ സാമ്പത്തികമായ പ്രതിസന്ധി നേരിട്ടതും താരത്തിനായി വമ്പൻ തുക ബയേൺ ആവശ്യപ്പെട്ടതും കഴിഞ്ഞ വർഷങ്ങളിൽ അതിനു തടസം നിന്നു.

മുപ്പത്തിനാലുകാരനായ ലെവൻഡോസ്‌കിയെ സംബന്ധിച്ച് തന്റെ കരിയറിലെ അവസാനത്തെ വലിയ സ്പോർട്ടിങ് പ്രൊജക്റ്റാണിത്. ബയേൺ മ്യൂണിക്കിനൊപ്പം ഒരു ചാമ്പ്യൻസ് ലീഗും ഏഴു ജർമൻ ലീഗും മൂന്നു ജർമൻ കപ്പും അഞ്ച് ജർമൻ സൂപ്പർകപ്പും ഒരു യൂറോപ്യൻ സൂപ്പർ കപ്പും ഒരു ക്ലബ് ലോകകപ്പും നേടിയിട്ടുള്ള താരം സാവിയുടെ കീഴിൽ മികച്ച പ്രകടനം തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സീസണിലും ഗോളടിച്ചു കൂട്ടുന്ന ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിനൊപ്പം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ബാലൺ ഡി ഓർ ബാഴ്‌സലോണക്കൊപ്പം നേടാൻ സാധ്യത കൂടുതലാണെന്നും കരുതുന്നുണ്ട്. 2020ൽ താരം തന്നെയായിരുന്നു ബാലൺ ഡി ഓർ വിജയിക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് പുരസ്‌കാരദാനചടങ്ങ് ഒഴിവാക്കുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit