മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുരസ്‌കാരം നേടിയതിനെ കുറിച്ച് പ്രതികരിച്ച് റോബർട്ട് ലെവൻഡോസ്‌കി

ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നേടിയതിന് ശേഷം ആദ്യമായി പ്രതികരണം നടത്തി പോളണ്ട് ഫുട്‌ബോള്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. മികച്ച പുരുഷ താരത്തിനുള്ള ഫിഫ പുരസ്‌കാരം നേടിയ താരം, അതിൽ അഭിമാനിക്കുന്നുണ്ടെന്നും, അവാർഡ് സഹതാരങ്ങൾക്കും പരിശീലകർക്കും സമർപ്പിക്കുന്നെന്നും പറഞ്ഞു.
"ഈ പുരസ്‌കാരം നേടിയതില്‍ ഞാന്‍ വിനിയാന്വിതനാണ്. നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്ക് സന്തോഷം തോന്നുന്നു. കാരണം ഇത് എന്റെ സഹതാരങ്ങള്‍ക്കും എന്റെ പരിശീലകര്‍ക്കും കൂടി ഉള്ളതാണ്. മത്സരങ്ങളും ട്രോഫികളും വിജയിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. എനിക്ക് ചുറ്റുമുള്ള ഈ ആളുകളുമായി പ്രവർത്തിക്കുന്നത് എനിക്ക് സ്പെഷ്യൽ ആയി തോന്നുന്നു," ലെവൻഡോസ്‌കി പറഞ്ഞു.
ബയേണ്‍ മ്യൂണിക്കിന് വേണ്ടി നടത്തിയ മികച്ച പ്രകടനമായിരുന്നു ലെവന്‍ഡോസ്‌കിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ, പി.എസ്.ജി താരം ലയണല്‍ മെസ്സി എന്നിവരെ പിന്നിലാക്കിയാണ് ലെവന്‍ഡോസ്‌കി പുരസ്‌കാരം സ്വന്തമാക്കിയത്. 2014 മുതല്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന ലെവന്‍ഡോസ്‌കി 2020-21 സീസണില്‍ ബയേണിന് വേണ്ടി 40 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളായിരുന്നു സ്വന്തമാക്കിയത്.
2020-21 സീസണില്‍ ബയേണ്‍ മ്യൂണിക്കിന്റെ ബുണ്ടസ്ലിഗ കിരീട നേട്ടത്തില്‍ നിര്‍ണായ പങ്കുവഹിച്ച ലെവന്‍ഡോസ്‌കി, 1972ല്‍ ജെറാദ് മുള്ളര്‍ സ്ഥാപിച്ച ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടമെന്ന റെക്കോര്‍ഡ് പഴങ്കഥയാക്കിയിരുന്നു. അതേ സമയം, ഈ സീസണില്‍ 26 മത്സരങ്ങളിൽ 34 ഗോളുകള്‍ ഇതുവരെ ലെവന്‍ഡോസ്‌കി സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.