സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തീരുമാനമെടുത്ത് റോബർട്ട് ലെവൻഡോസ്കി


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്കിയെന്നു റിപ്പോർട്ടുകൾ. ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിൽ റയൽ മാഡ്രിഡിനുള്ള താൽപര്യം കുറഞ്ഞു വന്നതോടെ അടുത്ത സീസണിൽ ലോസ് ബ്ലാങ്കോസിനു വേണ്ടി കളിക്കാൻ കഴിയുമെന്നു താരം പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമം എഎസ് റിപ്പോർട്ടു ചെയ്തു.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരെ ഒരുമിച്ച് ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് റയൽ മാഡ്രിഡിനുണ്ടായിരുന്നത്. എന്നാൽ നോർവേ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും റയൽ മാഡ്രിഡ് നിലവിൽ പുറകോട്ടു പോയെന്നാണ് സമീപദിവസങ്ങളിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെയാണ് റയലിൽ കളിക്കുകയെന്ന തന്റെ മോഹം നടപ്പിലാക്കാൻ ലെവൻഡോസ്കി ശ്രമിക്കുന്നത്.
Bayern Munich superstar Robert Lewandowski is 'DETERMINED to finish his career at Real Madrid' https://t.co/SMFRDXtx3i
— MailOnline Sport (@MailSport) February 9, 2022
റയൽ മാഡ്രിഡ് വളരെ മുൻപു തന്നെ സ്വന്തമാക്കാൻ ശ്രമം നടത്തിയിട്ടുള്ള താരമാണ് ലെവൻഡോസ്കിയെങ്കിലും അത് വിജയം കണ്ടിരുന്നില്ല. 2023ൽ കരാർ അവസാനിക്കാനിരിക്കെ അതു മുതലെടുത്ത് റയൽ മാഡ്രിഡിൽ എത്തുന്നതിനു വേണ്ടി ബയേണു മേൽ സമ്മർദ്ദം ചെലുത്താമെന്നാണ് ലെവൻഡോസ്കി കരുതുന്നത്. ലെവൻഡോസ്കി പുതിയ കരാർ ഒപ്പിട്ടില്ലെങ്കിൽ താരത്തെ വരുന്ന സമ്മറിൽ തന്നെ വിൽക്കാനാവും ബയേണിനും താൽപര്യമുണ്ടാവുക.
ജർമനി വിട്ട് മറ്റേതെങ്കിലും ലീഗിലേക്ക് ചേക്കേറണമെന്നും മറ്റൊരു ഭാഷയും സംസ്കാരവും അടുത്തു മനസിലാക്കണമെന്നും ലെവൻഡോസ്കി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മറിൽ താരത്തിനായി ചെൽസി ശ്രമം നടത്തിയിരുന്നെങ്കിലും ബയേൺ മ്യൂണിക്ക് ആവശ്യപ്പെട്ട തുക വളരെ കൂടുതലായതിനാൽ അവർ ലുക്കാക്കുവിനെ ടീമിലെത്തിക്കുകയായിരുന്നു. പോളണ്ട് താരത്തെ സംബന്ധിച്ച് തന്റെ ആഗ്രഹം നടത്താനുള്ള ഒരു അവസരം കൂടിയാണ് റയൽ മാഡ്രിഡ് ട്രാൻസ്ഫർ.
അതേസമയം ലെവൻഡോസ്കിക്ക് ബയേൺ മ്യൂണിക്ക് രണ്ടു വർഷത്തെ കരാർ നൽകാൻ ഒരുക്കമായിരുന്നുവെന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. എന്നാൽ പുതിയ കരാറിൽ താരത്തിന്റെ പ്രതിഫലം വെട്ടിക്കുറക്കപ്പെടും. മുപ്പതു കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തെ കരാർ നൽകുകയെന്നതാണ് ബയേണിന്റെ പതിവു തെറ്റിച്ചാണ് പുതിയ കരാർ വാഗ്ദാനം ചെയ്യപ്പെട്ടതെങ്കിലും താരം അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.