ലെവൻഡോസ്‌കിയെ ക്ലബിൽ നിലനിറുത്താനുള്ള ശ്രമങ്ങളുമായി ബയേൺ; ബാഴ്‌സലോണയിലേക്ക് ചേക്കേറണമെന്ന ഉറച്ച നിലപാടിൽ താരം
By Vaisakh. M

സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് തുടരുന്നുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് പോവണമെന്ന തീരുമാനത്തിൽ താരം ഉറച്ചു നിൽക്കുകയാണെന്ന് റിപ്പോർട്ട്.
ലെവൻഡോവ്സ്കിയുടെ മനസു മാറ്റുന്നതിനായി ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഹസൻ സാലിഹമിഡ്‌സിക് താരം അവധിക്കാലം ചെലവഴിക്കുന്ന സ്പെയിനിലെ മായ്യോർക്കയിലെ വീട്ടിൽ പോയി നേരിൽ സംസാരിച്ചുവെന്നാണ് ജർമൻ മാധ്യമമായ സ്കൈ ജർമനിയെ ഉദ്ധരിച്ചു കൊണ്ട് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ താരം ഇപ്പോഴും ബാഴ്സലോണയിലേക്ക് പോകണമെന്ന ആഗ്രഹത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ മീറ്റിംഗിൽ കാര്യമായ ഫലമുണ്ടായില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബയേണിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഒന്നിലധികം തവണ ലെവൻഡോവ്സ്കി വ്യക്തമാക്കിയിരുന്നു. ജർമൻ വമ്പന്മാരോട് തന്റെ ട്രാൻഫറിന് സൗകര്യമൊരുക്കണമെന്ന് താരം അഭ്യർത്ഥിക്കുകയുണ്ടായതായി ജർമൻ മാധ്യമായ ബിൽഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മാർക്ക വ്യക്തമാക്കുന്നു.
2023 വരെ ബയേണുമായി കരാറുള്ള ലെവൻഡോവ്സ്കിയെ കരാർ തീരുന്നതുവരെ നിലനിർത്താനുള്ള ശ്രമമാണ് ക്ലബ്ബ് അധികൃതർ തുടരുന്നത്. 253 മത്സരങ്ങളിൽ നിന്നും 238 ഗോളുകൾ നേടിയ താരം ഇതിനോടകം ബയേണിന്റെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരായി മാറിയിട്ടുണ്ട്.
തന്റെ 33ആം വയസ്സിലെത്തി നിൽക്കുമ്പോൾ പുതിയ വെല്ലുവിളി ആഗ്രഹിക്കുന്നുവെന്നും ബാഴ്സലോണയിലേക്ക് പോകാനുള്ള തീരുമാനത്തിൽ താരം ഉറച്ചു നിൽക്കുന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.