Football in Malayalam

ഗോളുകൾ മാത്രമല്ല ബെൻസിമയോടുള്ള ആരാധനയുടെ കാരണം, ലെവൻഡോസ്‌കി പറയുന്നു

Sreejith N
Real Madrid v Real Mallorca - La Liga Santander
Real Madrid v Real Mallorca - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

2020-21 സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം റയൽ മാഡ്രിഡ് താരം കരിം ബെൻസിമയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. റയൽ മാഡ്രിഡിന്റെ കേളീശൈലിയിൽ താരം നൽകുന്ന സംഭാവനകളെ വാഴ്ത്തിയ പോളിഷ് താരം, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ രണ്ടു തവണ കണ്ടുമുട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

"കരിം ബെൻസിമയോടുള്ള എന്റെ ആരാധന താരം നേടുന്ന ഗോളുകൾ കൊണ്ടു മാത്രമല്ല. മറിച്ച് തന്റെ ടീമിനെ മുന്നിൽ നിന്നു കളിപ്പിക്കുന്ന ശൈലി കൊണ്ടു കൂടിയാണ്. ടീമിനു വേണ്ടി ബെൻസിമ നടത്തുന്ന അധ്വാനമാണ് എനിക്ക് ഏറ്റവുമിഷ്ടം. ഒരു മഹത്തായ കളിക്കാരനാണ് അദ്ദേഹം," ലെവൻഡോസ്‌കി പറഞ്ഞു.

അതേസമയം കഴിഞ്ഞ സീസണിൽ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയ ലെവൻഡോസ്‌കിക്ക് ഈ സീസണിൽ താൻ ഭീഷണി ഉയർത്തുമെന്ന് ബെൻസിമ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ഗോൾ നേടിയതോടെ ഈ സീസണിൽ ആറു ലീഗ് മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് ബെൻസിമ നേടിയിരിക്കുന്നത്. ഇതിനു പുറമെ ഏഴ് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

റയൽ മാഡ്രിഡുമായി ചേർത്ത് നിരവധി തവണ അഭ്യൂഹങ്ങൾ ഉയർന്നിരുന്ന ലെവൻഡോസ്‌കി താൻ ഒന്നിലധികം തവണ റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. എന്നാൽ അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് താരം വെളിപ്പെടുത്തിയില്ല.

"അതെ, ഞാൻ ഫ്ലോറന്റീനോ പെരസിനെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ഞങ്ങൾ അവർക്കെതിരെ മത്സരം കളിച്ചതിനു ശേഷമാണ് ഒരു കൂടിക്കാഴ്‌ച നടന്നത്. എന്നാൽ ഞങ്ങൾ തമ്മിൽ എന്തു സംസാരമാണ് നടന്നതെന്ന് പറയാൻ കഴിയില്ല." ലെവൻഡോസ്‌കി പറഞ്ഞു.


facebooktwitterreddit