അടുത്ത സീസണിൽ താൻ ബയേൺ മ്യൂണിക്കിനായി കളിക്കുമെന്ന് പറയാൻ പ്രയാസമാണെന്ന് റോബർട്ട് ലെവൻഡോസ്കി

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്ക് വിടുമെന്ന സൂചനകൾ നൽകുന്ന വാക്കുകളുമായി റോബർട്ട് ലെവൻഡോസ്കി. അടുത്ത സീസണിൽ താൻ ബയേൺ മ്യൂണിക്കിനായി കളിക്കുമെന്ന് പറയാൻ പ്രയാസമുണ്ടെന്ന് വ്യക്തമാക്കിയ താരം, തന്റെ ഭാവി ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പറഞ്ഞു.
"അടുത്ത സീസണിൽ ഞാൻ ബയേൺ മ്യൂണിക്കിനായി കളിക്കുമെന്ന് പറയാൻ പ്രയാസമാണ്," പോളിഷ് മാധ്യമമായ ഇലവൻ സ്പോർട്സിനോട് ലെവൻഡോസ്കി പറഞ്ഞു.
തന്റെ ഭാവിയെ കുറിച്ചും, ബാഴ്സലോണ താനുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചപ്പോൾ, ലെവൻഡോസ്കിയുടെ മറുപടി ഇങ്ങനെയായിരുന്നു: "അത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ എന്റെ സാഹചര്യം വ്യക്തമാണെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും ഞാൻ കരുതുന്നു."
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ലെവൻഡോസ്കിയെ സ്വന്തമാക്കാൻ ബാഴ്സലോണയാണ് രംഗത്തുള്ളത്. താരവുമായി ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ടെന്ന് കാറ്റാലൻ ക്ലബിന്റെ പരിശീലകൻ സാവി വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ലെവൻഡോസ്കിയുടെ ഏജന്റ് ആയ പിനി സഹാവി താരം ക്ലബ് വിടാൻ ആഗ്രഹിക്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ബയേൺ മ്യൂണിക്ക് ഡയറക്ടർ ഹസൻ സാലിഹമിഡിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ 2023 വരെയാണ് ലെവൻഡോസ്കിക്ക് ബയേണുമായി കരാറുള്ളത്.
2014ൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ബയേണിലേക്ക് ചേക്കേറിയ ലെവൻഡോസ്കി ഇത് വരെ 375 മത്സരങ്ങളാണ് അവർക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 344 ഗോളുകളും പോളിഷ് മുന്നേറ്റനിര താരം സ്വന്തമാക്കിയിട്ടുണ്ട്.