Football in Malayalam

ലെവൻഡോസ്‌കിയുടെ ഏജന്റ് പാരീസിൽ, എംബാപ്പെ പിഎസ്‌ജി വിട്ടാൽ പകരക്കാരനായി ബയേൺ താരം പരിഗണനയിൽ

Sreejith N
FC Bayern München v 1. FC Köln - Bundesliga
FC Bayern München v 1. FC Köln - Bundesliga / Alexander Hassenstein/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം അതിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ആരാധകരിൽ ആവേശവും പിരിമുറുക്കവും സമ്മാനിക്കുന്ന വാർത്തകൾ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കെയ്‌ലിൻ എംബാപ്പെ എന്നിവരുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളാണ് ഇതുവരെ സജീവമായി നിലനിന്നിരുന്നത് എങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആ കൂട്ടത്തിലേക്ക് ബയേൺ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിയുടെ പേരും ഉയർന്നു വരുന്നുണ്ട്.

ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലെവൻഡോസ്‌കിയുടെ ഏജന്റായ പിനി സഹാവി കഴിഞ്ഞ ദിവസങ്ങളിൽ പാരീസിലെത്തി പിഎസ്‌ജി നേതൃത്വവുമായി ബയേൺ താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്. ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ അതു പുതുക്കാൻ ഇതുവരെയും തയ്യാറാവാത്ത എംബാപ്പയെ നഷ്‌ടമായാൽ ലെവൻഡോസ്‌കിയെ താരത്തിന്റെ പകരക്കാരനായി പിഎസ്‌ജി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബയേൺ മ്യൂണിക്കിനൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള ലെവൻഡോസ്‌കി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനായി ജർമനി വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഹാലൻഡിനു വേണ്ടിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ലെവൻഡോസ്‌കിക്കു വേണ്ടി ചെൽസി ശ്രമം നടത്തിയിരുന്നുവെങ്കിലും താരത്തിനായി 100 മില്യൺ യൂറോ ബയേൺ ആവശ്യപ്പെട്ടതോടെ അതിൽ നിന്നും അവർ പിന്മാറി ലുക്കാക്കുവിനെ സ്വന്തമാക്കുകയായിരുന്നു.

എംബാപ്പെ പിഎസ്‌ജി വിട്ടാൽ ഭാവിയിലേക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു താരത്തെയാണ് നഷ്‌ടപ്പെടുകയെങ്കിലും ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് കുറച്ചു കാലത്തേക്കെങ്കിലും പരിഹരിക്കാൻ ഫ്രഞ്ച് ക്ലബിനു കഴിയും. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലെവൻഡോസ്‌കി ഈ സീസണിലും ഫോമിലാണെന്ന് കഴിഞ്ഞ മത്സരങ്ങളിൽ തെളിയിച്ചതാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit