Bundesliga

പരിക്കേറ്റ ലെവൻഡോസ്‌കിക്ക് വമ്പൻ പോരാട്ടങ്ങൾ നഷ്ടമാകും, ബയേണിന്റെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടി

Sreejith N
Hungary v Poland - FIFA World Cup 2022 Qatar Qualifier
Hungary v Poland - FIFA World Cup 2022 Qatar Qualifier / PressFocus/MB Media/Getty Images
facebooktwitterreddit

ഇന്റർനാഷണൽ ബ്രെക്ക് ഇത്തവണ കനത്ത തിരിച്ചടി നൽകിയത് ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്. അണ്ടോറക്കെതിരെ പോളണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ പരിക്കേറ്റ ബയേൺ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിക്ക് ഒരു മാസത്തോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. ഇതോടെ ബുണ്ടസ്‌ലിഗയിലെ നിരവധി മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കെതിരായ ഇരുപാദ മത്സരങ്ങളും താരത്തിന് നഷ്ടമാകും.

അണ്ടോറക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇരട്ടഗോളുകൾ നേടി പോളണ്ടിനെ വിജയത്തിലേക്കെത്തിക്കാൻ നിർണായക പങ്കു വഹിച്ചതിനു പിന്നാലെയാണ് ലെവൻഡോസ്‌കിക്ക് പരിക്ക് പറ്റിയത്. മത്സരത്തിന് ശേഷം താരത്തിന് അടുത്ത മത്സരം നഷ്ടമാകുമെന്നാണ് പോളണ്ട് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതെങ്കിലും അതിനു ശേഷം ബയേൺ മ്യൂണിക്ക് ആണ് ചെറിയൊരു പ്രസ്താവനയിൽ പരിക്കിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.

"റോബർട്ട് ലെവൻഡോസ്‌കിയുടെ മുട്ടുകാലിന്റെ ലിഗ്മെന്റുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് നാലാഴ്ചയോളം താരം കളിക്കളത്തിനു പുറത്തായിരിക്കും." ഈ സീസണിൽ ഇതുവരെ നാല്പത്തിരണ്ടു ഗോളുകൾ ക്ലബിന് വേണ്ടി അടിച്ചു കൂട്ടി മിന്നുന്ന ഫോമിലുള്ള താരത്തെക്കുറിച്ച് ബയേൺ മ്യൂണിക്ക് വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കെതിരായ മത്സരത്തിനു പുറമെ ജർമൻ ലീഗിൽ ആർബി ലീപ്‌സിഗിനെതിരെ അടുത്തു നടക്കാനിരിക്കുന്ന വമ്പൻ പോരാട്ടവും ലെവൻഡോസ്‌കിക്ക് നഷ്ടമാകും. ബുണ്ടസ്‌ലിഗയിൽ രണ്ടാം സ്ഥാനത്തുള്ള ലീപ്സിഗുമായി നാല് പോയിന്റ് വ്യത്യാസത്തിലാണ് ബയേൺ ഒന്നാമത് നിൽക്കുന്നത്. ഇതിനു പുറമെ യൂണിയൻ ബെർലിൻ, വോൾഫ്‌സ്ബർഗ്, ബയേർ ലെവർകൂസൻ, മൈൻസ് എന്നിവർക്കെതിരായ പോരാട്ടങ്ങളും താരത്തിന് നഷ്ടപ്പെടും.

ഒരു സീസണിൽ ഏറ്റവുമധികം ബുണ്ടസ്‌ലിഗ ഗോളുകൾ നേടിയ താരമെന്ന യെർദ് മുള്ളറുടെ റെക്കോർഡ് തകർക്കുന്നതും ഇനി പോളണ്ട് താരത്തിന് കടുപ്പമായിരിക്കും. 40 ഗോളുകൾ നേടി റെക്കോർഡിട്ട മുള്ളർക്കൊപ്പമെത്താൻ ഇനി എട്ടു മത്സരങ്ങൾ ശേഷിക്കെ അഞ്ചു ഗോളുകൾ കൂടിയാണ് ലെവൻഡോസ്‌കിക്ക് വേണ്ടത്.

facebooktwitterreddit