Champions League

നെയ്‌മറും എംബാപ്പയും പിഎസ്‌ജി പ്രതിരോധത്തെ വളരെയധികം സഹായിച്ചു, പിന്തുണയുമായി മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം

Sreejith N
FC Metz v Paris Saint-Germain - Ligue 1 Uber Eats
FC Metz v Paris Saint-Germain - Ligue 1 Uber Eats / Eurasia Sport Images/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോറ്റു പുറത്തായെങ്കിലും പിഎസ്‌ജി താരങ്ങളായ നെയ്‌മർ, എംബാപ്പെ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് സിറ്റി താരം റിയാദ് മഹ്റസ്. പ്രതിരോധത്തിൽ വളരെയധികം പങ്കു വഹിച്ച രണ്ടു മുന്നേറ്റനിര താരങ്ങളും നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചുവെന്നും മഹ്റസ് അഭിപ്രായപ്പെട്ടു. നെയ്മർ സെമിഫൈനലിലെ ഇരുപാദങ്ങളിലും കളിച്ചപ്പോൾ എംബാപ്പെ രണ്ടാം പാദത്തിൽ ഇറങ്ങിയിരുന്നില്ല.

"നെയ്‌മർ വളരെയധികം പ്രതിരോധിക്കുന്നതു ഞാൻ കണ്ടിരുന്നു. ആദ്യപാദത്തിൽ എംബാപ്പയും അതു ചെയ്തിരുന്നു. എന്നാൽ അവരെക്കാൾ കുറച്ചു കൂടി മികവ് പുലർത്തിയത് ഞങ്ങളായിരുന്നു. രണ്ടു താരങ്ങൾ വളരെ കുറച്ച് പ്രതിരോധിച്ചതു കൊണ്ടു മാത്രം ഞങ്ങൾക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നില്ല," ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയോട് സംസാരിക്കുമ്പോൾ മഹ്റസ് പറഞ്ഞു.

എല്ലാ മാഞ്ചസ്റ്റർ സിറ്റി താരങ്ങളും ഒത്തൊരുമയോടെ, വമ്പൻ താരങ്ങളെന്ന ഈഗോയുടെ അംശം പോലുമില്ലാതെ കളിച്ചതും ഗ്വാർഡിയോളയുടെ തന്ത്രങ്ങളുമാണ് സിറ്റിയെ ഫൈനലിൽ എത്തിച്ചതെന്നും അൾജീരിയൻ താരം പറഞ്ഞു. പന്ത് നഷ്ടമാകുമ്പോൾ അത് തിരിച്ചെടുപ്പിക്കാൻ ഗ്വാർഡിയോള നമ്മളെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും പ്രതിരോധത്തിൽ അത്ര മികച്ചതല്ലായിരുന്നിട്ടു കൂടി താനും ടീമിന്റെ വിജയത്തിന് വേണ്ടി അതു ചെയ്യുമെന്നും മഹ്റസ് പറഞ്ഞു.

റൊണാൾഡോ, മെസി, നെയ്‌മർ, എംബാപ്പെ എന്നിവരെപ്പോലെ അസാധാരണ കഴിവുള്ള കളിക്കാർക്ക് പ്രതിരോധത്തിൽ അത്രയധികം പങ്കു വഹിക്കേണ്ടതില്ലെന്നും എന്നാൽ ചാമ്പ്യൻസ് ലീഗ് പോലെയുള്ള മത്സരങ്ങളിൽ എല്ലാ താരങ്ങളും ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ മുന്നേറാൻ കഴിയില്ലെന്നും മഹ്റസ് പറഞ്ഞു. ആദ്യപാദ മത്സരത്തിലെ തിരിച്ചുവരവാണ് ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ചതെന്നും അൾജീരിയൻ താരം കൂട്ടിച്ചേർത്തു.


facebooktwitterreddit