പിഎസ്ജിക്കെതിരെ എങ്ങിനെയാണ് കളിക്കേണ്ടത്, സഹതാരങ്ങൾക്ക് നിർദ്ദേശവുമായി മഹ്റെസ്


ചെൽസിക്കെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ കാഴ്ച വെച്ച പ്രകടനം ആവർത്തിച്ചാൽ പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നേടാൻ കഴിയുമെന്ന് ഇംഗ്ലീഷ് ക്ലബിന്റെ മുന്നേറ്റനിര താരമായ റിയാദ് മഹ്റെസ്. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ഏറ്റു മുട്ടി, മാഞ്ചസ്റ്റർ സിറ്റി രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾ നേടിയത് അൾജീരിയൻ താരമായിരുന്നു.
"ടീമിനും എനിക്കും നല്ലൊരു ദിവസമായിരുന്നു അന്ന്, കാരണം അന്നെനിക്ക് ഗോൾ നേടാൻ കഴിഞ്ഞു. എന്നാൽ ഞങ്ങൾ കളിച്ച രീതിയായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. ഞങ്ങളുടെ വ്യക്തിത്വവും സ്വഭാവവും അവിടെ കാണിക്കുകയുണ്ടായി. അതുപോലെയാണ് കളിക്കേണ്ടത്. ചെൽസിക്കെതിരെ ചെയ്തതു പോലെയാണ് ഓരോ മത്സരത്തിലും ചെയ്യേണ്ടത്. വ്യക്തിത്വം കാണിച്ച് ഞങ്ങളുടെ മത്സരം പോകുന്ന എല്ലായിടത്തും കാഴ്ച വെക്കണം." ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് മഹ്റെസ് പറഞ്ഞു.
Riyad Mahrez must follow his own advice vs PSG to win back Man City place #mcfc https://t.co/z207srLSyM
— Manchester City News (@ManCityMEN) September 28, 2021
അതേസമയം കഴിഞ്ഞ സീസണിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനു സമാനമായിരിക്കില്ല ഇത്തവണത്തെ മത്സരമെന്നും മഹ്റെസ് ഓർമിപ്പിച്ചു. "രണ്ടു ടീമുകളും ഏറെക്കുറെ ഒരുപോലെ തന്നെ ആയിരിക്കാം, എന്നാൽ ഇതൊരു വ്യത്യസ്ത മത്സരമാണ്. അതൊരു സെമി ഫൈനലായിരുന്നു, മത്സരം കാണുന്നതിനായി ആരാധകരും ഉണ്ടായിരുന്നില്ല." മഹ്റെസ് പറഞ്ഞു.
കഴിഞ്ഞ സീസണിലെ സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ മേധാവിത്വം പുലർത്തി വിജയം നേടിയതു പോലെയാവും ഈ മത്സരവുമെന്നു തങ്ങൾ ചിന്തിക്കുന്നില്ലെന്നും മഹ്റെസ് പറഞ്ഞു. വളരെ കടുപ്പമേറിയ മറ്റൊരു മത്സരമായിരിക്കും ഇതെന്നാണ് കരുതുന്നതെന്നും ടീം ഒന്നടങ്കം ശ്രദ്ധയോടെ പോകണമെന്നും താരം ഓർമിപ്പിച്ചു.
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ചെൽസിയെ ആധികാരികമായി തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി കീഴടക്കിയത്. അതിന്റെ ആത്മവിശ്വാസവുമായി വരുന്ന ഇംഗ്ലീഷ് ക്ലബ്ബിനെ ഇതുവരെയും ഒത്തിണക്കം വന്നിട്ടില്ലാത്ത പിഎസ്ജി എങ്ങിനെ പിടിച്ചു കെട്ടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.