Champions League

തനിക്കു സംഭവിച്ച പിഴവിൽ നിന്നാണ് പിഎസ്‌ജിക്കെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ പിറന്നതെന്ന് റിയാദ് മഹ്‌റെസ്

Sreejith N
FBL-EUR-C1-PSG-MAN CITY
FBL-EUR-C1-PSG-MAN CITY / ANNE-CHRISTINE POUJOULAT/Getty Images
facebooktwitterreddit

പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വിജയം നേടിക്കൊടുത്ത ഫ്രീകിക്ക് ഗോൾ തനിക്ക് സംഭവിച്ച പിഴവിൽ നിന്നുമാണ് പിറന്നതെന്നു സമ്മതിച്ച് റിയാദ് മഹ്‌റെസ്. പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ മാർക്വിന്യോസിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ പിഎസ്‌ജിക്കെതിരെ രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയ്‌നും റിയാദ് മഹ്‌റെസുമാണ് ഗോളുകൾ നേടിയത്.

എഴുപത്തിയൊന്നാം മിനുട്ടിൽ ഗോളിന് ഇരുപത്തിയഞ്ചു വാര അകലെ നിന്നും സിറ്റിക്ക് ലഭിച്ച ഫ്രീ കിക്ക് എടുത്ത മഹ്‌റെസ് ഡിഫെൻസിവ് വാളിനിടയിലൂടെ കെയ്‌ലർ നവാസിനെ കബളിപ്പിച്ച് അത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ആ ഫ്രീ കിക്ക് ഷോട്ട് താൻ അടിക്കാൻ ഉദ്ദേശിച്ച രീതിയിലല്ല പോയതെന്നാണ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അൾജീരിയൻ താരം പറഞ്ഞത്.

"ഡിഫെൻസിവ് വാളിന് അപ്പുറത്തുകൂടി അത് വലയിലെത്തിക്കാനാണ് ഞാൻ ഉദ്ദേശിച്ചതെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. രണ്ടു കളിക്കാർക്കിടയിലൂടെ പോയ ബോൾ ഭാഗ്യവശാൽ വലക്കുള്ളിലെത്തി. ഞാൻ വളരെ സന്തോഷവാനാണ്, ഇവിടെ വിജയിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. ടീമിനു വേണ്ടി സ്‌കോർ 2-1 ആക്കാൻ കഴിഞ്ഞത് വളരെ ആഹ്‌ളാദം നൽകുന്നു." സിറ്റിയുടെ വെബ്‌സൈറ്റിനോട് സംസാരിക്കുമ്പോൾ മഹ്‌റെസ് പറഞ്ഞു.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ താൻ തന്നെ നേടുമെന്ന് സഹതാരമായ ബെഞ്ചമിൻ മെൻഡി മത്സരത്തിന് ഇരുപത്തിനാലു മണിക്കൂർ മുൻപ് പ്രവചിച്ചിരുന്ന കാര്യവും മഹ്‌റെസ് വെളിപ്പെടുത്തി. ബെഞ്ചമിൻ മെൻഡി ആ ഗോളിനു വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും ദൈവം തനിക്കത് തന്നുവെന്നും മുൻ ലൈസ്റ്റർ സിറ്റി താരം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തിയതിന്റെ ഭാഗമായാണ് രണ്ടു ഗോൾ പിറന്നതും പിഎസ്‌ജിക്കുണ്ടായിരുന്ന മുൻതൂക്കത്തെ മറികടന്നതും. അടുത്ത മത്സരം സ്വന്തം മൈതാനത്താണെന്നത് സിറ്റിക്ക് വിജയം നേടാനും ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനുമുള്ള പ്രതീക്ഷ നൽകുന്നതാണ്.

facebooktwitterreddit