Football in Malayalam

മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോളും മെസിയിൽ നോട്ടം, എന്നാൽ അഗ്യൂറോയെത്തിയാൽ താരം ബാഴ്സലോണയിൽ തുടരുമെന്നും റിവാൾഡോ

Gokul Manthara
Argentina v Paraguay: Group B - Copa America Brazil 2019
Argentina v Paraguay: Group B - Copa America Brazil 2019 / Chris Brunskill/Fantasista/Getty Images
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ല എന്ന തരത്തിൽ ഉയരുന്ന റിപ്പോർട്ടുകളെ എതിർത്ത് മുൻ ബാഴ്സലോണ താരമായിരുന്ന റിവാൾഡോ. ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസിയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബിന് താല്പര്യമില്ലെന്ന് താൻ കരുതുന്നില്ലെന്ന് പറയുന്ന‌ റിവാൾഡോ, എന്നാൽ ദേശീയ ടീമിലെ തന്റെ സഹതാരമായ സെർജിയോ അഗ്യൂറോ ബാഴ്സലോണയിലെത്തുന്നത് കറ്റാലൻ ക്ലബ്ബിൽ തുടരാൻ മെസിയെ പ്രേരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസി വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റാകും. നിലവിൽ തന്റെ ഭാവി കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലാത്ത മെസി, സീസൺ അവസാനത്തോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തൂ എന്നാണ് സൂചനകൾ.

കഴിഞ്ഞ സമ്മറിൽ മെസിക്കായി ശക്തമായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി അടുത്ത ട്രാൻസ്ഫർ ജാലകത്തിലും താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മെസിക്കായുള്ള നീക്കത്തിൽ നിന്ന് സിറ്റി പിന്മാറിയതായും, താരത്തിന് ഓഫർ സമർപ്പിക്കാൻ അവർക്ക് താല്പര്യമില്ലെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മെസിയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി പിന്മാറിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അതിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നാണ് റിവാൾഡോ പറയുന്നത്. ഒരു താരത്തിനായുള്ള ട്രാൻസ്ഫർ നീക്കങ്ങളുടെ വാർത്തകൾ ക്ലബ്ബുകൾ തള്ളിക്കളയുന്നത് ഒരു തരം തന്ത്രമാണെന്നാണ് റിവാൾഡോയുടെ പക്ഷം. സമീപകാലത്ത് മെസി മൈതാനത്ത് കൂടുതൽ ശാന്തനായി കാണപ്പെടുന്നതും, തന്റെ മികച്ച ഫുട്ബോളിലേക്ക് മടങ്ങിയെത്തിയതും തനിക്ക് വളരെയധികം സന്തോഷം നൽകുന്നുണ്ടെന്നും സംസാരത്തിനിടെ റിവാൾഡോ കൂട്ടിച്ചേർത്തു.

facebooktwitterreddit