ബാഴ്സലോണയുടെ ഈ സീസൺ വിജയമാക്കാൻ ജനുവരിയിൽ മൂന്നു താരങ്ങളെ സാവി സ്വന്തമാക്കണമെന്ന് റിവാൾഡോ


നിലവിലുള്ള ബാഴ്സ സ്ക്വാഡിനെ മെച്ചപ്പെടുത്തുന്നതിനായി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മൂന്നു താരങ്ങളെ സാവി ടീമിലെത്തിക്കണമെന്ന് മുൻ ബ്രസീലിയൻ താരവും ബാഴ്സലോണ ഇതിഹാസവുമായ റിവാൾഡോ. സാമ്പത്തിക പ്രതിസന്ധിയിലും മോശം ഫോമിലും പതറിക്കൊണ്ടിരിക്കുന്ന ബാഴ്സലോണയിൽ വളരെ കടുപ്പമേറിയ ഒരു ഉദ്യമമാണ് സാവിയെ കാത്തിരിക്കുന്നത് എന്നും റിവാൾഡോ മുന്നറിയിപ്പു നൽകി.
"ബാഴ്സലോണ പരിശീലകനായി വരുന്ന സാവിക്കു മുന്നിൽ വളരെ കടുപ്പമേറിയ ഒരു ഉദ്യമമാണുള്ളത്. എന്നാൽ സൂക്ഷ്മബുദ്ധിയോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഏതാനും സൈനിംഗുകൾ നടത്താൻ കഴിഞ്ഞാൽ ഈ സീസണിൽ അദ്ദേഹം വിജയിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും." ബെറ്റ്ഫെയറിനോട് സംസാരിക്കുമ്പോൾ റിവാൾഡോ പറഞ്ഞു.
Barcelona: Rivaldo tells Xavi to sign three players https://t.co/rCsY4l9e6h
— Daily Post Nigeria (@DailyPostNGR) November 5, 2021
"ഈ ടീമിനെ മികച്ചതാക്കി മാറ്റിയെടുക്കാൻ രണ്ടോ മൂന്നോ താരങ്ങൾ കൂടി വേണം, അതുപോലെ തന്നെ ഇപ്പോൾ ടീമിലുള്ള തന്റെ കളിക്കാരിൽ നിന്നും ഏറ്റവും മികച്ച പ്രകടനവും സാവിക്ക് ആവശ്യമുണ്ട്. അവരുടെ ഗുണങ്ങളുമായി കളിയുടെ ശൈലി പൊരുത്തപ്പെടുത്തുകയും തന്റെ ഗ്രൂപ്പുമായി നല്ല ബന്ധം പുലർത്തുകയും വേണം."
"നിരവധി മികച്ച യുവപ്രതിഭകൾ ടീമിനൊപ്പമുണ്ട്, അവർക്ക് കഴിവു വളർത്തിയെടുക്കാൻ സ്വാതന്ത്ര്യം ആവശ്യമുണ്ട്. ആ സമയം തന്നെ ബാഴ്സലോണക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന പരിചയസമ്പന്നരായ താരങ്ങളെയും ആവശ്യമുണ്ട്. എങ്കിൽ യുവതാരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം അനുഭവിക്കേണ്ടി വരില്ല. ടീമിന് യുവതാരങ്ങളെ ഉപയോഗിക്കാൻ കഴിയും, അതു ചെയ്യുകയും വേണം. എന്നാൽ അവരെ ആശ്രയിച്ചു നിൽക്കാൻ കഴിയില്ല." റിവാൾഡോ വ്യക്തമാക്കി.
ബാഴ്സലോണ പരിശീലകനായി സാവി തീരുമാനിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം സെൽറ്റ വിഗോക്കെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബി ടീം കോച്ചായ സെർജി തന്നെയാണ് ടീമിനെ നയിച്ചത്. ഇന്റർനാഷണൽ ബ്രേക്കിനു ശേഷം എസ്പാന്യോളുമായി നടക്കുന്ന മത്സരത്തിലാണ് സാവി അരങ്ങേറ്റം കുറിക്കുക.