Liverpool News

ലിവർപൂളിൽ രണ്ടാം മത്സരത്തിലും താളം കണ്ടെത്താനാവാതെ ഡാർവിൻ നുനസ്, കളിയാക്കലുമായി എതിർടീം ആരാധകർ

Sreejith N
Rival Fans Mocking Darwin Nunez Performance For Liverpool
Rival Fans Mocking Darwin Nunez Performance For Liverpool / Matthew Ashton - AMA/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന ആദ്യ പ്രീ സീസൺ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവി വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നും രണ്ടാം പ്രീ സീസൺ മത്സരത്തിൽ തിരിച്ചു വരാൻ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ട്. ക്രിസ്റ്റൽ പാലസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഹെൻഡേഴ്‌സൺ, സലാ എന്നിവരുടെ ഗോളുകളിലാണ് ലിവർപൂൾ വിജയം നേടിയത്.

ലിവർപൂൾ മത്സരത്തിൽ വിജയം നേടിയെങ്കിലും ചർച്ചയാകുന്നത് ക്ലബ് റെക്കോർഡ് സൈനിങ്ങായി ടീമിലെത്തിയ യുറുഗ്വായ് താരം ഡാർവിൻ നുനസിന്റെ പ്രകടനമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടന്ന ആദ്യത്തെ മത്സരത്തിൽ ഒരു സുവർണാവസരം തുലച്ചതിനു കളിയാക്കലുകൾ ഏറ്റു വാങ്ങിയ മുൻ ബെൻഫിക്ക താരത്തിനു ഇന്നലെ നടന്ന മത്സരത്തിലും പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിട്ടില്ല.

ലിവർപൂളിനു വേണ്ടിയുള്ള രണ്ടാമത്തെ മത്സരത്തിലും ഗോൾ കണ്ടെത്താൻ കഴിയാതിരുന്നതിനു പുറമെ പന്ത് കൃത്യമായി സഹതാരങ്ങളിലേക്ക് എത്തിക്കാൻ താരം പരാജയപ്പെടുന്നത് മത്സരത്തിൽ പല തവണ കണ്ടു. ബെൻഫിക്കയിൽ നിന്നും ലിവർപൂൾ പോലൊരു വമ്പൻ ടീമിലെത്തിയ താരം തന്റെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടില്ലെന്നത് ശരീരഭാഷയിൽ നിന്നും വ്യക്തമായിരുന്നു.

ക്രിസ്റ്റൽ പാലസിനെതിരെ മുപ്പതു മിനുട്ട് മാത്രമേ നുനസ് കളിച്ചിട്ടുള്ളൂവെങ്കിലും താരം വരുത്തിയ പിഴവുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ലിവർപൂളിന്റെ പ്രധാന എതിരാളികൾ തന്നെയാണ് ഇതിനു പിന്നിൽ പ്രധാനമായുള്ളത്. ഇതിനു പുറമെ പ്രീമിയർ ലീഗിലെ മറ്റു ക്ലബുകളുടെ ആരാധകർ ഉൾപ്പെടെയുള്ള ലിവർപൂളിന്റെ നുനസിനെ പ്രകടനത്തിന്റെ പേരിൽ കളിയാക്കുന്നു.

എന്നാൽ ഡാർവിൻ നുനസ് ലിവർപൂൾ ടീമിനൊപ്പം കൂടുതൽ സമയം ചിലവഴിച്ചിട്ടില്ലെന്നത് താരത്തിന്റെ പ്രകടനത്തിലെ പിഴവുകളെ ന്യായീകരിക്കുന്നു. ലിവർപൂളിനോപ്പം ചേർന്ന് മൂന്നാം ദിവസം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങിയ നുനസ് അതിനു പിന്നാലെയാണ് ഇന്നലത്തെ മത്സരത്തിലും ഇടം നേടിയത്. ഏതൊരു താരത്തെയും തേച്ചു മിനുക്കിയെടുക്കാൻ കഴിവുള്ള ക്ലോപ്പിനു കീഴിൽ കൂടുതൽ പരിശീലനം ലഭിക്കുന്നതോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് ആരാധകരുടെ ഉറച്ച പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit