അവസാന പെനാൽറ്റി പുയ്ജ് ചോദിച്ചു വാങ്ങിയതെന്ന് കൂമാൻ, മെസി ഫൈനലിൽ കളിക്കുമെന്നുറപ്പില്ലെന്നും ബാഴ്സ പരിശീലകൻ

റയൽ സോസിഡാഡുമായുള്ള സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിന്റെ ഷൂട്ട് ഔട്ടിൽ അവസാന പെനാൽറ്റിയെടുക്കാൻ റിക്വി പുയ്ജ് സ്വയം മുന്നോട്ടു വന്നതാണെന്നു വെളിപ്പെടുത്തി പരിശീലകൻ റൊണാൾഡ് കൂമാൻ. നാല് പേരുകളാണ് പെനാൽറ്റിയെടുക്കാൻ താൻ തയ്യാറാക്കിയിരുന്നതെന്നും അതിനു ശേഷമുള്ള അവസാന പെനാൽറ്റിക്ക് പുയ്ജ് സന്നദ്ധനാണെന്ന് സ്വയം അറിയിക്കുകയായിരുന്നുവെന്നും മത്സരശേഷം കൂമാൻ പറഞ്ഞു.
സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. റയൽ സോഡിഡാഡ് താരങ്ങൾ മൂന്നും ബാഴ്സലോണ താരങ്ങൾ രണ്ടും കിക്കും പാഴാക്കിയപ്പോൾ അവസാന പെനാൽറ്റി അതിനിർണായകമായിരുന്നു. പക്ഷെ, ധൈര്യപൂർവം മുന്നോട്ടു വന്ന പുയ്ജ് പെനാൽറ്റി ഗോളാക്കി ബാഴ്സലോണക്ക് നിർണായക ജയം നേടിക്കൊടുത്തു.
Riqui Puig: "Koeman named the 4 players that were going to take the penalty, and I asked for the fifth one." pic.twitter.com/2aBuiLzYOw
— Barça Universal (@BarcaUniversal) January 13, 2021
"നാല് പേരുകളാണ് പെനാൽറ്റിയെടുക്കാൻ ഞാൻ തയ്യാറാക്കിയിരുന്നത്. ആർക്കാണ് അവസാന പെനാൽറ്റിയെടുക്കേണ്ടതെന്നു ചോദിച്ചപ്പോൾ റിക്വി പുയ്ജ് സ്വയം സന്നദ്ധനായി മുന്നോട്ടു വരികയായിരുന്നു. നല്ല രീതിയിൽ തന്നെ താരം പെനാൽറ്റിയെടുക്കുകയും ചെയ്തു," കൂമാൻ മത്സരത്തിന് ശേഷം പറഞ്ഞു.
അതേ സമയം പരിക്ക് മൂലം സെമി ഫൈനൽ മത്സരം നഷ്ടമായ നായകൻ ലയണൽ മെസി ഫൈനലിൽ കളിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നും കൂമാൻ പറഞ്ഞു. താരത്തിന്റെ നിലവിലെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഫൈനലിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും കൂമാൻ വ്യക്തമാക്കി.
മത്സരത്തിൽ റയൽ സോസിഡാഡിന്റെ രണ്ടു പെനാൽറ്റി ഗോളുകൾ തടഞ്ഞിട്ട മാർക് ആന്ദ്രേ ടെർ സ്റ്റീഗനും ബാഴ്സലോണയുടെ ഏകഗോൾ നേടിയ ഫ്രങ്കീ ഡി ജോങും മികച്ച പ്രകടനമാണ് നടത്തിയത്. മുന്നേറ്റനിരയെ സഹായിക്കാൻ ഡി ജോംഗ് ബോക്സിലേക്കെത്തുന്നത് ഗുണമാണെന്നും കൂമാൻ പറഞ്ഞു. റയൽ മാഡ്രിഡും അത്ലറ്റിക് ബിൽബാവോയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയെയാണ് ബാഴ്സ ഫൈനലിൽ നേരിടുക.