'മുതിർന്നവരും, കുട്ടികളും തമ്മിൽ'- ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിനെതിരെ ആഞ്ഞടിച്ച് ഫെർഡിനാൻഡ്

ചിരവൈരികളായ ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ദയനീയ പരാജയമായിരുന്നു ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രം 4 ഗോളുകൾ വാങ്ങിക്കൂട്ടിയ റെഡ് ഡെവിൾസ് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായി മത്സരം അടിയറവ് വെച്ചത്. തന്ത്രങ്ങളെല്ലാം പാളിയ ആദ്യ പകുതിയിൽ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിലായത് ടീമിന്റെ ആരാധകരേയും മുൻ താരങ്ങളേയും കടുത്ത നിരാശയിലാഴ്ത്തിയിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ റിയോ ഫെർഡിനൻഡും ടീമിന്റെ പ്രകടനത്തിൽ അസ്വസ്ഥനായിരുന്നു. ലജ്ജിപ്പിക്കുന്ന ആദ്യ പകുതിയായിരുന്നു ഓൾഡ് ട്രാഫോഡിൽ കണ്ടതെന്ന് തുറന്നടിച്ച അദ്ദേഹം മുതിർന്നവരും, കുട്ടികളും തമ്മിലുള്ള മത്സരമായാണ് ആദ്യ പകുതി കാണപ്പെട്ടതെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
തന്റെ മുൻ ടീമിന്റെ ദയനീയ പ്രകടനത്തിൽ ഫെർഡിനൻഡ് വളരെയധികം നിരാശനാണെന്നും രോഷാകുലനാണെന്നും വ്യക്തമാക്കുന്നതായിരുന്നു മത്സരവുമായി ബന്ധപ്പെട്ട് അദ്ദേഹം ചെയ്ത ട്വീറ്റുകൾ.
We are always gonna pose a threat because of the individuals we have…..but we are so easy to play through it’s unreal!
— Rio Ferdinand (@rioferdy5) October 24, 2021
Embarrassing 1st half… men against boys! ? #MUNLIV
അതേ സമയം ലിവർപൂളിനോട് സംഭവിച്ച അഞ്ച് ഗോൾ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മനോവീര്യം താറുമാറാക്കുമെന്ന കാര്യം ഉറപ്പാണ്. റെഡ് ഡെവിൾസിനെതിരെ തകർപ്പൻ വിജയം നേടിയ ലിവർപൂൾ പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് വീണു. കരുത്തരായ ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കെതിരെയാണ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരങ്ങൾ.