"ഞാനുണ്ടായിരുന്നെങ്കിൽ മെസിക്കു വേണ്ടി നിലത്തു കിടന്നേനെ"- താരത്തോടു ചെയ്തത് ബഹുമാനമില്ലായ്മയെന്ന് ഫെർഡിനാൻഡ്


മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രീ കിക്ക് തടുക്കുന്നതിനു വേണ്ടി മെസിയെ നിലത്തു കിടത്തിയത് ബഹുമാനമില്ലായ്മയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ച ഫ്രീ കിക്ക് തടുക്കുന്നതിനു വേണ്ടിയാണ് മെസി ഡിഫെൻസിവ് വാളിനു ചുവട്ടിൽ കിടന്നത്.
മെസിക്ക് അത്തരമൊരു റോൾ നൽകരുതെന്നു പറഞ്ഞ റിയോ ഫെർഡിനാൻഡ് താനാ ടീമിലുണ്ടായിരുന്നെങ്കിൽ മെസിക്ക് പകരം നിലത്തു കിടക്കുമായിരുന്നു എന്നും തമാശയിൽ കൂട്ടിച്ചേർത്തു. മത്സരത്തിൽ ആദ്യമായി പിഎസ്ജിക്കു വേണ്ടി മെസി നേടിയ ഗോളിനെയും ഫെർഡിനാൻഡ് പ്രശംസിച്ചു.
Rio Ferdinand would do anything for Messi ? pic.twitter.com/bf9BbT501A
— ESPN UK (@ESPNUK) September 28, 2021
"ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് പോച്ചട്ടിനോ ഇതു ചെയ്യാൻ മെസിയോട് ആവശ്യപ്പെടുമ്പോൾ തന്നെ മറ്റാരെങ്കിലും പോയി 'ലയണൽ മെസി ഒരിക്കലും അതു ചെയ്യില്ല' എന്നു പറയണമായിരുന്നു. നിങ്ങൾക്കൊരിക്കലും അങ്ങിനെ ചെയ്യാൻ കഴിയില്ല, അതു ബഹുമാനമില്ലായ്മയാണ്, ഞാനതു സമ്മതിക്കില്ല."
"ആ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ പറയും 'വേണ്ട, നിങ്ങൾക്കു വേണ്ടി ഞാൻ കിടക്കാമെന്ന്. തന്റെ ഷർട്ട് ചീത്തയാക്കേണ്ട ആവശ്യം മെസിക്കില്ല, അതല്ല മെസി ചെയ്യുന്ന കാര്യങ്ങൾ." ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റിയോ ഫെർഡിനാൻഡ് പറഞ്ഞു.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ പോലൊരു ടീമിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഓരോ കാര്യങ്ങളും പ്രധാനമാണ് എന്നിരിക്കെ ഡിഫെൻസിവ് വാളിനു ചുവട്ടിൽ കിടന്നതിൽ മെസിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നാണ് മനസിലാക്കേണ്ടത്. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്ക് ഇറങ്ങി കളിക്കാനും താരം തയ്യാറായിരുന്നു.
അതേസമയം മെസി പിഎസ്ജിക്കു വേണ്ടി ആദ്യമായി നേടിയ ഗോളിനെ ഫെർഡിനാൻഡ് പ്രശംസിച്ചു. "വേഗതയും കരുത്തും ബാലൻസും അദ്ദേഹം പന്ത് എവിടേക്ക് അയച്ചുവെന്നതിലെ സാങ്കേതികത്വവും ആശ്ചര്യപ്പെടുത്തുന്നതാണ്. ഡിഫെൻഡർമാരെ മാറ്റി നിർത്താൻ ഹക്കിമി നടത്തിയ റണ്ണും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു." ഫെർഡിനാൻഡ് പറഞ്ഞു.