ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് റിയോ ഫെർഡിനാൻഡ്


ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ്. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനു നൽകുന്ന സംഭാവനകളെ ചോദ്യം ചെയ്യുന്നതും അതിന്റെ പേരിൽ താരത്തിനു നേരെ വിമർശനങ്ങൾ നടത്തുന്നതും നിന്ദയാണെന്ന് ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം റൊണാൾഡോ ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ടെങ്കിലും ടീം മോശം പ്രകടനം നടത്തുന്ന സമയത്ത് പ്രതിരോധത്തിലുള്ള റൊണാൾഡോയുടെ പങ്കാളിത്തം പങ്കാളിത്തം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പന്തു കൈവശമില്ലാത്ത സമയത്ത് എതിരാളികളെ പ്രെസ്സ് ചെയ്യാൻ റൊണാൾഡോ തയ്യാറാവാത്തത് ടീമിനെ ബാധിക്കുന്നുണ്ടെന്ന വിമർശനം ഉണ്ടെങ്കിലും അതിനെ ഫെർഡിനാൻഡ് തള്ളിക്കളഞ്ഞു.
"ചില അഭിപ്രായങ്ങൾ ഞാൻ കേട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയമാകാത്തതിന്റെ കാരണം റൊണാൾഡോയാണെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ അതു നിന്ദിക്കൽ മാത്രമാണെന്നാണ് ഞാൻ വിലയിരുത്തുന്നത്. റൊണാൾഡോ ക്ലബ്ബിനെ ഉണർത്തിയത് വലിയ കാര്യമാണെങ്കിലും അവർ ഒന്നും ചെയ്യാതിരിക്കുന്നതിന്റെ കാരണം താരമാണെന്നെല്ലാം അവർ പറയുന്നു."
"ശ്രദ്ധിക്കൂ, ഞാനത് വളരെയധികം കാണുന്നു, ദയവായി അങ്ങിനെ ഒരിക്കലും സംസാരിക്കരുത്. അതൊരു അവമതിപ്പും ബഹുമാനം ഇല്ലായ്മയുമാണ്," വൈബ് വിത്ത് ഫൈവ് യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോൾ ഫെർഡിനാൻഡ് റൊണാൾഡൊക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ചു.
ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷമാണ് റൊണാൾഡൊക്കെതിരെ വിമർശനം ശക്തി പ്രാപിച്ചതെങ്കിലും അതിനു ശേഷം വിമർശകരുടെ വായടപ്പിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ടോട്ടനത്തിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ റൊണാൾഡോ ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ടഗോളുകളും കണ്ടെത്തിയിരുന്നു.