Football in Malayalam

സ്റ്റീവൻ ജെറാർഡ് ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കില്ല, കാരണവും വ്യക്തമാക്കി റിയോ ഫെർഡിനാൻഡ്

Rangers FC v Olympique Lyon: Group A - UEFA Europa League
Rangers FC v Olympique Lyon: Group A - UEFA Europa League / Ian MacNicol/GettyImages
facebooktwitterreddit

ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സ്റ്റീവൻ ജെറാർഡ് തയ്യാറാകുമെന്ന് താൻ കരുതുന്നില്ലെന്നും, ലിവർപൂളിൽ യർഗൻ ക്ലോപ്പിന് പിൻഗാമിയാവുകയെന്നതാണ് അദ്ദേഹത്തിന്റെ ദീർഘകാല ലക്ഷ്യമെന്നും ഇംഗ്ലീഷ് ഇതിഹാസ താരം റിയോ ഫെർഡിനാൻഡ്. തങ്ങളുടെ പുതിയ പരിശീലകനായി ന്യൂകാസിൽ യുണൈറ്റഡ് പരിഗണിക്കുന്നവരിൽ സ്റ്റീവൻ ജെറാർഡുമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നതിനിടെയാണ് അത്തരത്തിലൊന്ന് സംഭവിക്കാൻ സാധ്യതയില്ലെന്ന് ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

'സ്റ്റീവൻ ജെറാർഡിന്റെ പേര് പോലും ആ ജോലിയുമായി (ന്യൂകാസിൽ യുണൈറ്റഡിന്റെ മാനേജർ) ബന്ധപ്പെടുത്തി പരാമർശിക്കുന്നത് ഞാൻ കാണുന്നു. അവനെപ്പോലൊരാൾ അവിടെ പോകുന്നത് ഞാൻ കാണുന്നില്ല എന്തെന്നാൽ അവന്റെ കണ്ണുകൾ ലിവർപൂളിലാണെന്ന് എനിക്ക് തോന്നുന്നു‌. തന്റെ അടുത്ത പടിയായി‌ ലിവർപൂളിനെ ജെറാർഡ് നോക്കുന്നതാണ് ഞാൻ കാണുന്നത്." തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെ റിയോ ഫെർഡിനാൻഡ് പറഞ്ഞു.

ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സ്റ്റീവൻ ജെറാർഡ് നിലവിൽ സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്സിന്റെ പരിശീലകനാണ്. ന്യൂകാസിൽ യുണൈറ്റഡുമായി ബന്ധപ്പെടുത്തി തന്റെ പേര് പറഞ്ഞു കേൾക്കുന്നതിനോട് കഴിഞ്ഞയാഴ്ച പ്രതികരിച്ച അദ്ദേഹം തന്റെ ജോലിയുമായി ബന്ധപ്പെട്ടുയരുന്ന ഊഹാപോഹങ്ങളിൽ താല്പര്യമില്ലെന്നും, അതിൽ ഇടപെടാനില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം സൗദി അറേബ്യൻ കൺസോർഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ്. പുതിയ ഉടമസ്ഥരെത്തിയതോടെ സാമ്പത്തികമായി വലിയ ഭദ്രത കൈവന്ന അവർ ടീമിൽ വലിയ അഴിച്ചു പണിക്കുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ. അതിന്റെ ആദ്യ പടിയെന്നോണം പുതിയ പരിശീലകനെ കൊണ്ടു വരാൻ തയ്യാറെടുക്കുന്ന ക്ലബ്ബ് വരുന്ന ട്രാൻസ്ഫർ ജാലകങ്ങളിലും നിർണായക നീക്കങ്ങൾ നടത്തുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit