Football in Malayalam

നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം ആരെന്ന് വെളിപ്പെടുത്തി റിയോ ഫെർഡിനാന്റ്

By Gokul Manthara
Rio Ferdinand
Rio Ferdinand / Matthew Ashton - AMA/Getty Images
facebooktwitterreddit

ആസ്റ്റൺ വില്ലയുടെ ജാക്ക് ഗ്രീലിഷാണ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാന്റ്. കഴിഞ്ഞ ദിവസം ബിടി സ്പോർടിൽ മുൻ വെയിൽസ് താരം റോബി സാവേജിനൊപ്പം സംസാരിക്കുന്നതിനിടെയായിരുന്നു ഗ്രീലിഷിനെ പ്രശംസിച്ച് ഫെർഡിനാന്റ് രംഗത്തെത്തിയത്. ആരുടെ കളി കാണാനാണ് പണം മുടക്കാൻ തയ്യാറാവുക എന്ന സാവേജിന്റെ ചോദ്യത്തിന് ഗ്രീലിഷിന്റെ പേര് മറുപടി നൽകിയ ഫെർഡിനാന്റ്, ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരൻ അദ്ദേഹമാണെന്ന് തറപ്പിച്ച് പറയുകയായിരുന്നു.

"ജാക്ക് ഗ്രീലിഷാണ് ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരൻ. അദ്ദേഹത്തെ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഫോമിലുള്ള ഗ്രീലിഷാണ് ലീഗിലെ ഏറ്റവും മികച്ച താരം‌"

റിയോ ഫെർഡിനാന്റ്.

ഗ്രീലിഷിന്റെ വലിയ ആരാധകനായ ഫെർഡിനാന്റ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീലിഷിനെ സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി നേരത്തെ സൂചനകൾ നൽകിയിരുന്നു. അതേ സമയം പല തവണ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെടുത്തി ഗ്രീലിഷിന്റെ പേര് പറഞ്ഞു കേട്ടെങ്കിലും, അഭ്യൂഹങ്ങൾ വന്നതല്ലാതെ താരത്തെ ആസ്റ്റൺ വില്ലയിൽ നിന്ന് റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ കഴിഞ്ഞില്ല.

അതേ സമയം, കഴിഞ്ഞ സീസൺ മുതൽ പ്രീമിയർ ലീഗിൽ ഉജ്ജ്വല പ്രകടനം നടത്തുന്ന താരമാണ് ഗ്രീലിഷ്. പോയ സീസണിൽ തന്റെ ടീമായ ആസ്റ്റൺ വില്ലയെ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച താരം ഈ സീസണിലും മിന്നും ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. 2020-21 സീസണിൽ ഇതു വരെ മൊത്തം 22 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഗ്രീലിഷ് 7 ഗോളുകൾ നേടിയതിനൊപ്പം 12 ഗോളുകൾക്ക് വഴിയുമൊരുക്കിക്കഴിഞ്ഞു.

facebooktwitterreddit