പുതിയ ഉടമസ്ഥർക്ക് കീഴിൽ ന്യൂകാസിൽ ആദ്യം സ്വന്തമാക്കേണ്ട 3 താരങ്ങൾ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടി റിയോ ഫെർഡിനൻഡ്

സൗദി അറേബ്യൻ കൺസോർഷ്യം ഏറ്റെടുത്തതോടെ പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പണം വാരിയെറിഞ്ഞ് കളികാരെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലുള്ള അവർ ഏറ്റവുമാദ്യം സ്വന്തമാക്കേണ്ട 3 പ്രീമിയർ ലീഗ് താരങ്ങൾ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരവും പ്രശസ്ത ഫുട്ബോൾ പണ്ഡിറ്റുമായ റിയോ ഫെർഡിനൻഡ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജെസി ലിംഗാർഡ്, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡെക്ലാൻ റൈസ്, മാഞ്ചസ്റ്റർ സിറ്റിയുടെ റഹീം സ്റ്റെർലിംഗ് എന്നിവരെയാണ് അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ആദ്യം നോട്ടമിടേണ്ടതെന്നാണ് റിയോ ഫെർഡിനൻഡ് പറയുന്നത്. റഹീം സ്റ്റെർലിംഗും, ഡെക്ലൻ റൈസുമായിരിക്കും തന്റെ ലിസ്റ്റിലെ (ന്യൂകാസിൽ ലക്ഷ്യം വെക്കേണ്ട താരങ്ങളുടെ) ആദ്യ രണ്ട് പേരെന്ന് ചൂണ്ടിക്കാട്ടുന്ന ഫെർഡിനൻഡ്, ഇതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ വന്നും പോയും കൊണ്ടിരിക്കുന്ന ജെസി ലിംഗാർഡിനെപ്പോലുള്ള താരത്തിനായാകും താൻ ശ്രമം നടത്തുകയെന്നും തന്റെ യൂടൂബ് പരിപാടിയായ 'വൈബ് വിത്ത് ഫൈവ്'ൽ സംസാരിക്കവെ ഫെർഡിനൻഡ് വ്യക്തമാക്കി.
അതേ സമയം സൗദി അറേബ്യൻ കൺസോർഷ്യം ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ സാമ്പത്തികപരമായുള്ള എല്ലാ ബുദ്ധിമുട്ടുകളും അവസാനിച്ച ന്യൂകാസിൽ യുണൈറ്റഡ് ജനുവരിയിൽ നടക്കാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ വലിയ അഴിച്ചു പണി നടത്താനൊരുങ്ങുകയാണ്. യൂറോപ്പിലെ പല വമ്പൻ താരങ്ങളിലും കണ്ണുകളുള്ള അവർ താരങ്ങൾക്കായി പണം വാരിയെറിഞ്ഞേക്കുമെന്നാണ് കരുതപ്പെടുന്നത്.
Man United great Rio Ferdinand sends Declan Rice and Jesse Lingard transfer demands to Newcastle #mufc https://t.co/1X1wUnbL52
— Man United News (@ManUtdMEN) October 12, 2021
ഫിലിപ് കുട്ടീഞ്ഞോ, ആന്തണി മാർഷ്യൽ, ഡോണി വാൻഡി ബീക്ക്, എറിക് ബെയിലി എന്നീ താരങ്ങളുടെയെല്ലാം പേര് ഇപ്പോൾത്തന്നെ ന്യൂകാസിൽ യുണൈറ്റഡുമായി ബന്ധപ്പെടുത്തി പറഞ്ഞു കേൾക്കുന്നുണ്ട്.