ഫല്‍ക്കാവോയോട് ചെയ്‌തത് പോലെ ക്രിസ്റ്റ്യാനോയോടും ചെയ്യുന്നു; മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ച് റിയോ ഫെര്‍ഡിനാന്റ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കഴിവ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ക്ലബിന്റെ മുൻ താരം റിയോ ഫെര്‍ഡിനാന്റ്. നേരത്തെ യുണൈറ്റഡില്‍ കളിച്ചിരുന്ന കൊളംബിയന്‍ താരമായിരുന്ന റഡാമല്‍ ഫാല്‍ക്കാവോയുടെ കരിയര്‍ നശിപ്പിച്ചത് പോലെയാണ് യുണൈറ്റഡ് ഇപ്പോള്‍ ക്രിസ്റ്റ്യാനോയോട് ചെയ്യുന്നതെന്ന് ഫെർഡിനാന്റ് അഭിപ്രായപ്പെട്ടു.
റൊണാൾഡോയുടെ കഴിവിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ യുണൈറ്റഡിന് കഴിയുന്നില്ലെന്ന് ഫെര്‍ഡിനാന്റ് കുറ്റപ്പെടുത്തി. പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരേ എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് ശേഷമായിരുന്നു ഫെര്‍ഡിനാന്റിന്റെ പ്രതികരണം.
"എല്ലാം പോവുകയാണ്. എനിക്ക് ഇവിടെ ശരിയായി ഇരിക്കാന്‍ പോലും കഴിയുന്നില്ല, ഇവിടെ ഇരുന്ന് ഈ ടീമിനെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാണ്. ഏറ്റവും മികച്ച രണ്ട് ആക്രമണകാരികളായ റൊണാള്‍ഡോ, കവാനി എന്നിവര്‍ ടീമിലുണ്ടായിട്ടും, അവർക്ക് നല്ല പൊസിഷനിൽ പന്തെത്തിച്ച് കൊടുക്കാൻ കഴിയുന്ന താരങ്ങളുമായിട്ടല്ല കളിക്കുന്നത് - അർത്ഥശൂന്യമായ ഒരു ദൗത്യമായാണ് അതെനിക്ക് തോന്നുന്നത്," ഫൈവ് യുടൂബ് ചാനലിൽ ഫെർഡിനാന്റ് പറഞ്ഞു.
2014-15 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച, അന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ട ഫൽക്കാവോയുടെ കാര്യം ഓർമിപ്പിച്ച ഫെർഡിനാന്റ്, റൊണാൾഡോക്കും കവാനിക്കും പന്തെത്തിച്ച് നൽകേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
"ഏറ്റവും മികച്ച അക്രമണകാരികളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി എന്നിവര്‍ ടീമിലുണ്ടായിട്ടും അത് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ യുണൈറ്റഡിന് കഴിയുന്നില്ല. നിങ്ങൾ അവരുടെ ശക്തിക്ക് അനുസരിച്ച് കളിക്കേണ്ടതുണ്ട്, ഇതിപ്പോ വർഷങ്ങൾക്ക് മുൻപ് ഫൽക്കാവോയുമൊത്ത് കളിച്ചത് പോലെയാണ്.
"നിങ്ങൾ ആക്രമിക്കാൻ കഴിയുന്ന താരങ്ങളെ കൊണ്ട് വരുന്നു, പക്ഷെ അവർക്ക് പന്ത് ക്രോസ് ചെയ്യുന്നില്ല. പിന്നെ എങ്ങനെയാണ് അവർ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയുക? മറ്റു മേഖലകളിൽ നിന്ന് കാര്യങ്ങൾ ചെയ്യാൻ റൊണാൾഡോക്ക് കഴിയും, കവാനിക്കും. പക്ഷെ അവരുടെ ഏറ്റവും വലിയ കരുത്ത് പുറത്തെടുക്കാൻ കഴിയുന്നത് പന്ത് ക്രോസ് ചെയ്‌ത് നൽകുമ്പോൾ ആണെങ്കിൽ, പന്ത് അവർക്ക് ബോക്‌സിലേക്ക് എത്തിച്ചു കൊടുക്കുക. കുറച്ച് കൂടെ വീതിയിൽ കളിക്കുക. 4-2-2-2ലാണ് കളിക്കുന്നതെങ്കിൽ ഫുൾ-ബാക്കുകളാണ് വീതി നൽകേണ്ടത്," ഫെർഡിനാന്റ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.