മാഗ്വയറിനു പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനാക്കേണ്ടിയിരുന്നത് ഡി ഗിയയെന്ന് റിയോ ഫെർഡിനാൻഡ്

Manchester United v Burnley - Premier League
Manchester United v Burnley - Premier League / Dan Mullan/GettyImages
facebooktwitterreddit

ഹാരി മാഗ്വയറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകനായി തീരുമാനിച്ചത് വളരെ നേരത്തെയായിരുന്നുവെന്ന് ക്ലബിന്റെ ഇതിഹാസതാരവും മുൻ നായകനുമായ റിയോ ഫെർഡിനാൻഡ്. അതിനു പകരം ക്ലബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ഡേവിഡ് ഡി ഗിയയെ ക്ലബിന്റെ നായകനാക്കണമായിരുന്നു എന്നാണു റിയോ ഫെർഡിനാൻഡ് പറയുന്നത്.

ഒരു പ്രതിരോധ താരത്തിനുള്ള ഏറ്റവുമുയർന്ന തുക നൽകിയാണ് ലൈസ്റ്റർ സിറ്റിയിൽ നിന്നും ഹാരി മാഗ്വയറിന്റ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. അതിനു ശേഷം ആറു മാസം പിന്നിട്ടപ്പോൾ തന്നെ ആഷ്‌ലി യങ്ങിനു പകരക്കാരനായി മാഗ്വയറിനെ ടീമിന്റെ നായകനായി തീരുമാനിക്കുകയും ചെയ്‌തു. ആ തീരുമാനം അന്നു തന്നെ പലരുടെയും നെറ്റി ചുളിപ്പിച്ച ഒന്നായിരുന്നു.

"ക്യാപ്റ്റൻ ആംബാൻഡ്‌ താരത്തിന് ഒരു പ്രഭാവം നൽകിയിട്ടുണ്ട്, അതെനിക്കും അങ്ങിനെയായിരുന്നു. എന്നാലത് വളരെ നേരത്തെ നൽകിയെന്നു ഞാൻ കരുതുന്നു." വൈബ് വിത്ത് ഫൈവിനോട് സംസാരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധതാരം പറഞ്ഞു. നിലവിലെ പരിശീലകനായ റാൾഫ് റാങ്നിക്ക് നായകസ്ഥാനം ഡേവിഡ് ഡി ഗിയക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

"നായകനാക്കാൻ എന്റെ തിരഞ്ഞെടുപ്പ് ഡേവിഡ് ഡി ഗിയയാണ്, ആ സമയത്തിനുള്ളിൽ തന്നെ എന്താണ് വിജയം നേടാൻ ആവശ്യമായ കാര്യമെന്ന് താരത്തിന് അറിയാമായിരുന്നു." ഫെർഡിനാൻഡ് വ്യക്തമാക്കി. വളരെ ചുരുങ്ങിയ സമയത്തിൽ തന്നെ മാഗ്വയർക്ക് നായകസ്ഥാനം നൽകിയത് അധിക സമ്മർദ്ദം നൽകിയെന്നും ഫെർഡിനാൻഡ് പറഞ്ഞു.

മാഗ്വയർക്ക് വളരെ വേഗത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനം നൽകിയത് ആരാധകരിൽ നിന്നും പലപ്പോഴും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. പലപ്പോഴും കളിക്കളത്തിൽ തീർത്തും ഉത്തരവാദിത്വരഹിതമായ പിഴവുകൾ വരുത്തിയിട്ടുള്ള താരം എങ്ങിനെയാണ് ക്ലബിനെ നയിക്കുകയെന്ന ചോദ്യമാണ് ആരാധകർ ഉയർത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.