മറ്റൊരാൾക്ക് ബാറ്റൺ കൈമാറാനുള്ള സമയമായി, സോൾഷെയർക്കു മുന്നറിയിപ്പു നൽകി റിയോ ഫെർഡിനാൻഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷെയർക്കു നേരെ വളരെയധികം വിമർശനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ സീസണിൽ ടീമിനെ പ്രീമിയർ ലീഗിന്റെ രണ്ടാം സ്ഥാനത്ത് എത്തിച്ച നോർവീജിയൻ പരിശീലകന് നിരവധി സൂപ്പർതാരങ്ങളെ ഇത്തവണ ലഭ്യമായിട്ടും ടീമിനെ മികച്ച ഫോമിലേക്ക് നയിക്കാൻ കഴിയുന്നില്ലെന്നതാണ് ആരാധകർ അദ്ദേഹത്തിനെതിരെ തിരിയാൻ കാരണം.
എന്നാൽ നേരത്തെ പിന്തുണച്ചവർ പോലും ഇപ്പോൾ ഒലെയെ കൈവിടുകയാണെന്നാണ് മനസിലാക്കേണ്ടത്. ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി സ്ഥാനമേറ്റെടുത്തതു മുതൽ അദ്ദേഹത്തെ പിന്താങ്ങിയിരുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റിയോ ഫെർഡിനാൻഡും ടീമിൽ ഒരു മാറ്റത്തിനു സമയമായെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.
He had previously backed the Manchester United coach.https://t.co/bUz7xz1whB
— MARCA in English (@MARCAinENGLISH) November 9, 2021
"ഞാൻ എല്ലായിപ്പോഴും അൽപ്പം സംശയാലുവായിരുന്നു. ഞങ്ങളെ ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനു കഴിയുമോ? എനിക്കുറപ്പില്ല. അതെനിക്ക് പൂർണമായി ബോധ്യപ്പെട്ടിട്ടുമില്ല. പക്ഷെ അത് അദ്ദേഹത്തിനു ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ഫെർഡിനാൻഡ് വൈബ് വിത്ത് ഫൈവ് എന്ന പരിപാടിക്കിടെ പറഞ്ഞു.
"എന്നാൽ ഈ സീസണിന്റെ തുടക്കം വരെ അദ്ദേഹം നേടിയ സ്ക്വാഡും അതുമായുള്ള ഈ സീസണിലെ പ്രകടനവും ഞാൻ കണ്ടപ്പോൾ ഞങ്ങളെ ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരാൾക്ക് ബാറ്റൺ കൈമാറാനുള്ള സമയമായെന്നു കരുതിയിരുന്നു." ഫെർഡിനാൻഡ് വ്യക്തമാക്കി.
അതേസമയം ഈ സീസണിന്റെ തുടക്കത്തിൽ ഒലെക്കു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ പ്രകടനം മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഫെർഡിനാൻഡിനുള്ളത്. എന്നാൽ അതിനു ശേഷമുള്ള പ്രകടനം പരിശോധിക്കുമ്പോൾ ടീമിന്റെ സ്വത്വവും ഫിലോസഫിയും നഷ്ടമായിയെന്നാണ് തനിക്കു തോന്നിയതെന്നും ഫെർഡിനാൻഡ് കൂട്ടിച്ചേർത്തു.