Football in Malayalam

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർബാക്കായി ചെൽസി താരത്തെ തിരഞ്ഞെടുത്ത് റിയോ ഫെർഡിനാൻഡ്

By Gokul Manthara
Tottenham Hotspur v Chelsea - Premier League
Tottenham Hotspur v Chelsea - Premier League / James Williamson - AMA/Getty Images
facebooktwitterreddit

കഴിഞ്ഞ വർഷം തോമസ് ടുഷൽ ചെൽസിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർബാക്ക് അവരുടെ ജെർമ്മൻ പ്രതിരോധ താരമായ അന്റോണിയോ റുഡിഗറാണെന്ന് മുൻ ഇംഗ്ലീഷ് ഫുട്ബോളറായ റിയോ ഫെർഡിനാൻഡ്. ചെൽസിയുടെ മുൻ പരിശീലകനായ ഫ്രാങ്ക് ലംപാർഡിന് കീഴിൽ റുഡിഗറിന് അത്ര നല്ല സമയമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ഫെർഡിനാൻഡ്, എന്നാൽ ടുഷൽ ക്ലബ്ബിലേക്ക് വന്നതോടെ റുഡിഗറിന്റെ തലവര മാറിയെന്ന പക്ഷക്കാരനാണ്.

"ടുഷൽ വന്നത് മുതൽ അദ്ദേഹം (റുഡിഗർ) ഏറ്റവും മികച്ച സെന്റർബാക്കാണെന്ന് ഞാൻ കരുതുന്നു. റുഡിഗറും, ഡയസും (മാഞ്ചസ്റ്റർ സിറ്റി താരം) അടുത്തടുത്ത് നിൽക്കുന്ന കളികാരാണെന്ന് എനിക്ക് തോന്നുന്നു‌‌. എന്നാൽ അദ്ദേഹം (റുഡിഗർ) തന്റെ ടീമിൽ ചെലുത്തുന്ന സ്വാധീനം അപാരമാണ്. ഫ്രാങ്കിന് ചേരുന്ന കളികാരനായിരുന്നില്ല റുഡിഗർ. അദ്ദേഹം അവനെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അവനെ (റുഡിഗറിനെ) അവർ വിപണിയിൽ വിൽപ്പനക്ക് വെക്കാൻ ശ്രമിക്കുന്നുവെന്ന് പോലും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു‌." ഫെർഡിനാൻഡ് പറഞ്ഞു.

"ചെൽസിയിൽ സഹതാരങ്ങളിൽ നിന്ന് അദ്ദേഹത്തിന് വലിയ ബഹുമാനം ലഭിക്കുന്നു. ഈ ടീമിലും സ്ക്വാഡിലും തനിക്കുള്ള പ്രാധാന്യം അയാൾക്ക് അവിടെ അനുഭവപ്പെടുന്നുണ്ട്. അവൻ അത് (ബഹുമാനം) ശരിക്കും അർഹിക്കുന്നുണ്ട്.‌ കാരണം അവൻ മികച്ച പ്രകടനം പുറത്തെടുക്കുന്നു. കളിക്കുമ്പോളൊക്കെ ആരാധകരിൽ നിന്നുള്ള പിന്തുണയും അവന് അനുഭവപ്പെടുന്നു." തന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെ റുഡിഗറിനെക്കുറിച്ച് റിയോ ഫെർഡിനാൻഡ് പറഞ്ഞു.

അതേ സമയം 2017 ൽ ചെൽസിയിലെത്തിയ റുഡിഗറിന് ഒരു വർഷത്തെ കരാർ കൂടിയാണ് ക്ലബ്ബുമായുള്ളത്. തങ്ങൾക്കായി ഇതിനോടകം 156 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ റുഡിഗറിനെ പുതിയ കരാർ നൽകി ക്ലബ്ബിൽ നിലനിർത്താൻ ചെൽസി ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് സൂചനകൾ.‌ ചെൽസി പരിശീലകൻ തോമസ് ടുഷലും റുഡിഗറിനെ ക്ലബ്ബിൽ നിലനിർത്താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

facebooktwitterreddit