ഹാട്രിക്കിലൂടെ ചരിത്രമെഴുതി റിച്ചാർലിസൺ; ഒളിമ്പിക്സിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രീമിയർ ലീഗ് താരം

ടോക്കിയോ ഒളിമ്പിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയമാണ് ബ്രസീലിന്റെ പുരുഷ ഫുട്ബോൾ ടീം നേടിയത്. യൂറോപ്യൻ വമ്പന്മാരായ ജെർമ്മനിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു കാനറി സംഘത്തിന്റെ വിജയം. ടീമിലെ സൂപ്പർ താരങ്ങളിലൊരാളായ റിച്ചാർലിസന്റെ ഹാട്രിക്കായിരുന്നു ബ്രസീലിന്റെ ഉജ്ജ്വല വിജയത്തിൽ നിർണായകമായത്.
ഒളിമ്പിക്സിലെ തന്റെ ആദ്യ മത്സരത്തിൽത്തന്നെ ഹാട്രിക്ക് നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയർ ലീഗ് താരമെന്ന നേട്ടവും എവർട്ടണിന് വേണ്ടി കളിക്കുന്ന റിച്ചാർലിസണ് സ്വന്തമായി. 1900 ലെ രണ്ടാം ഒളിമ്പിക്സ് മുതൽ ഫുട്ബോളും ഈ കായികമാമാങ്കത്തിലെ ഒരു മത്സരയിനമാണെങ്കിലും ഈ കാലത്തിനിടെ ഇതു വരേക്കും പ്രീമിയർ ലീഗിൽ നിന്നുള്ള ഒരു കളികാരന് പോലും അവിടെ ഹാട്രിക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. ആ ചരിത്രമാണ് ജെർമ്മനിക്കെതിരെ റിച്ചാർലിസൺ മാറ്റിയെഴുതിയത്.
1 - Richarlison's hat-trick for Brazil against Germany is the first treble scored by a Premier League player at the Olympic games. Golden. #Tokyo2020 pic.twitter.com/nTD4h8Gjg4
— OptaJoe (@OptaJoe) July 22, 2021
ജെർമ്മനിക്കെതിരായ മത്സരത്തിന്റെ ഏഴാം മിനുറ്റിൽ ഗോൾ വേട്ട ആരംഭിച്ച റിച്ചാർലിസൺ, മത്സരത്തിന്റെ 22, 30 മിനുറ്റുകളിൽ നേടിയ ഗോളുകളിലൂടെ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ പൗളീഞ്ഞോയാണ് ടീമിന്റെ നാലാമത്തെ ഗോൾ നേടിയത്. അതേ സമയം അമിരി, അച്ചെ എന്നിവരാണ് ജെർമ്മനിയുടെ ആശ്വാസ ഗോളുകൾ കണ്ടെത്തിയത്.
ബ്രസീലിന്റെ സീനിയർ സ്ക്വാഡിലുള്ള താരമായ റിച്ചാർലിസൺ ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ കളിച്ച ദേശീയ ടീമിലും അംഗമായിരുന്നു. സ്വന്തം രാജ്യത്ത് വെച്ചു നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഒളിമ്പിക്സിലെ ആദ്യ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് അതിന്റെ നിരാശ മാറ്റിയിരിക്കുകയാണ് ഈ ഇരുപത്തിനാലുകാരൻ.