Football in Malayalam

ലോകകപ്പ് യോഗ്യത മത്സരം നിർത്തിവെച്ചതിനു പിന്നാലെ അർജന്റീനയെ കളിയാക്കി റിച്ചാർലിസൺ

Sreejith N
Saudi Arabia v Brazil: Men's Football - Olympics: Day 5
Saudi Arabia v Brazil: Men's Football - Olympics: Day 5 / Atsushi Tomura/Getty Images
facebooktwitterreddit

അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം മാറ്റി വെച്ചതിനു പിന്നാലെ അർജന്റീനയെ കളിയാക്കുന്ന പോസ്റ്റുമായി ബ്രസീലിയൻ താരം റിച്ചാർലിസൺ. അർജന്റീനയുടെ നാലു താരങ്ങൾ ബ്രസീലിയൻ ഗവൺമെന്റ് ഏർപ്പെടുത്തിയ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാരണം പറഞ്ഞാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് അധികൃതർ മത്സരം നിർത്തി വെച്ചത്.

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ താരങ്ങളായ എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവേണ്ടിയ, ടോട്ടനം ഹോസ്‌പർ താരങ്ങളായ ലൊ സെൽസോ, ക്രിസ്റ്റ്യൻ റോമെരോ എന്നിവർ ഇംഗ്ലണ്ടിൽ നിന്നും ബ്രസീലിലേക്കു വരുമ്പോഴുള്ള കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും അവർ കളിക്കുന്ന മത്സരം നടത്താൻ കഴിയില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. ഇതേതുടർന്ന് മത്സരം നിർത്തി വെക്കുകയും ചെയ്‌തു.

ബ്രസീൽ ആരോഗ്യവകുപ്പിനു കീഴിലുള്ള നാഷണൽ സാനിറ്ററി സർവയലൻസ് ഏജൻസിയിൽ (Anvisa) നിന്നുമുള്ളവരായിരുന്നു മത്സരം നിർത്തിവെപ്പിക്കാൻ എത്തിയിരുന്നത്. ഇതിനു പിന്നാലെ റിച്ചാർലിസൺ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌ത സ്റ്റോറിയിൽ അൻവിസ 1-0 അർജന്റീന എന്നാണു കുറിച്ചിരിക്കുന്നത്. ബ്രസീലിലെ ആരോഗ്യവകുപ്പിനോട് അർജന്റീന കീഴടങ്ങി എന്നു തന്നെയാണ് താരം ഇതിലൂടെ വ്യക്തമാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾക്ക് ലാറ്റിനമേരിക്കയിൽ വെച്ചു നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ വിലക്കുണ്ടായിരുന്നു എങ്കിലും തങ്ങളുടെ കളിക്കാരെ യോഗ്യത മത്സരങ്ങൾക്കു വേണ്ടിയെത്തിക്കാൻ അർജന്റീനയ്ക്കു കഴിഞ്ഞിരുന്നു. അതേസമയം റിച്ചാർലിസൺ ഉൾപ്പെടെയുള്ള പ്രീമിയർ ലീഗിലെ താരങ്ങൾ ബ്രസീൽ ടീമിന്റെ ഭാഗമാകാതെ ഇംഗ്ലണ്ടിൽ തന്നെ തുടരുകയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit