ബ്രസീൽ ഒളിമ്പിക്സ് സ്വർണം നേടിയതിനു പിന്നാലെ അർജന്റീനയെ വീണ്ടും പ്രകോപിപ്പിച്ച് റിച്ചാർലിസൺ


റിച്ചാർലിസണും അർജന്റീന താരങ്ങളും തമ്മിലുള്ള പ്രകോപനപരമായ വാക്പോര് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. 2019ലെ കോപ്പ അമേരിക്കക്കു മുന്നോടിയായി ആമസോണിന്റെ ഡോകുമെന്ററിയിൽ അർജന്റീനക്കെതിരെ റിച്ചാർലിസൺ നടത്തിയ പ്രസ്താവനകളാണ് ഇതിനു തുടക്കമിട്ടത്. ഈ വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ അതിനു മറുപടി നൽകാൻ അർജന്റീന താരങ്ങൾ മറന്നതുമില്ല.
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോടു തോറ്റതിന് ശേഷം ഒളിമ്പിക്സ് ടീമിനൊപ്പം ചേർന്ന റിച്ചാർലിസൺ ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് നേടിയപ്പോൾ അതിന്റെ വാർത്തക്കു കീഴിൽ അർജന്റീന താരങ്ങളായ ഡി മരിയയും പരഡെസും ഇതൊന്നും കോപ്പ അമേരിക്ക ഫൈനലിൽ കണ്ടില്ലല്ലോ എന്ന കമന്റോടെ കളിയാക്കിയിരുന്നു.
അർജന്റീന ഒളിമ്പിക്സിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ കൈവീശി യാത്ര അയക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് റിച്ചാർലിസൺ ഇതിനു മറുപടി നൽകിയത്. അതിനു പിന്നാലെ കോപ്പ അമേരിക്ക കിരീടവുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ട് റോഡ്രിഗോ ഡി പോളും എമിലിയാനോ മാർട്ടിനസും ഇതിനോട് പ്രതികരിച്ചു.
SE BUSCA RIVAL EN SUDAMERICA ??
— Richarlison Andrade (@richarlison97) August 7, 2021
ബ്രസീൽ ഒളിമ്പിക്സ് സ്വർണം നേടിയതോടെ പന്തു തന്റെ കോർട്ടിലെത്തിയെന്നു വ്യക്തമായ റിച്ചാർലിസൺ കഴിഞ്ഞ ദിവസം വീണ്ടും അർജന്റീന താരങ്ങളെ പ്രകോപിപ്പിക്കുന്ന പോസ്റ്റുമായെത്തി. ഒളിമ്പിക്സ് സ്വർണമെഡൽ കാണിച്ച് "സൗത്ത് അമേരിക്കയിൽ ഒരു എതിരാളിയെ ഞങ്ങൾ തേടുന്നു" എന്ന സ്റ്റോറിയാണ് റിച്ചാർലിസൺ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്തത്. ട്വിറ്ററിലും താരം ഇതേ വാക്കുകൾ കുറിച്ചിരുന്നു.
റിച്ചാർലിസണും അർജന്റീന താരങ്ങളും തമ്മിലുള്ള ഈ മത്സരം അർജന്റീന ബ്രസീൽ പോരാട്ടത്തെ ചൂട് പിടിപ്പിക്കും എന്നുറപ്പാണ്. വരുന്ന മാസങ്ങളിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടാനിരിക്കെ താരങ്ങൾ തമ്മിലുള്ള പോര് വീണ്ടും വർധിക്കുമെന്നുറപ്പാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.