ബ്രസീലിലുള്ള അർജന്റീന ആരാധകരിൽ പലർക്കും തന്നോടു വെറുപ്പാണെന്ന് റിച്ചാർലിസൺ

Richarlison Says Many Argentina Fans In Brazil Hates Him
Richarlison Says Many Argentina Fans In Brazil Hates Him / Javier Mamani/GettyImages
facebooktwitterreddit

ബ്രസീലിന്റെ എവർട്ടൺ താരമായ റിച്ചാർലിസൺ കളത്തിലുള്ള തന്റെ പ്രകടനം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടതല്ല. അതിനു പുറമെ കളിക്കളത്തിനു പുറത്ത് എതിരാളികളെ കളിയാക്കി സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകളുടെ പേരിൽ എവർട്ടൺ താരം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിവർപൂൾ റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽവി വഴങ്ങിയപ്പോഴും റിച്ചാർലിസൺ അവരെ കളിയാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ തോന്നുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ തുറന്നടിച്ചു വെളിപ്പെടുത്തുന്ന തന്റെയീ സ്വഭാവം എല്ലാവരും നല്ല രീതിയിൽ സ്വീകരിക്കുന്നില്ലെന്നാണ് റിച്ചാർലിസൺ പറയുന്നത്. ബ്രസീലിൽ നിരവധി അർജന്റീന ആരാധകരുണ്ടെന്നും അവർ തന്നെ വെറുക്കുന്നുണ്ടെന്നും പറഞ്ഞ താരം ഈ പ്രശ്‌നങ്ങൾ പേടിച്ച് പല താരങ്ങളും സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നും വ്യക്തമാക്കി.

"അർജന്റീന ടീമിനെ 'സൗത്ത് അമേരിക്കയിലെ എതിരാളികൾ' എന്നു വിശേഷിപ്പിച്ചതിനു ബ്രസീലിലെ നിരവധി പേർ എന്നെ വെറുക്കാൻ തുടങ്ങിയിട്ടുണ്ട്, ബ്രസീലിൽ നിരവധി അർജന്റീന ആരാധകരും ഒളിഞ്ഞിരിക്കുന്നുണ്ട്. അവരെന്നെ വെറുക്കാൻ തുടങ്ങി. എന്നാൽ ഞാനെന്റെ ഈ കളിയാക്കുന്ന സ്വഭാവം തുടരും. അതിനൊരു സമയമൊക്കെ ഉണ്ടെങ്കിലും ഞാനെപ്പോഴും നല്ല മൂഡിലാണുള്ളത്." ഗ്ലോബോയോട് റിച്ചാർലിസൺ പറഞ്ഞു.

"നിരവധി കമന്റേറ്റർമാരും മാധ്യമപ്രവർത്തകരും സോഷ്യൽ നെറ്റ്‌വർക്കുകളിൽ കളിക്കാരോട് ഇടപെടാനും സാമൂഹിക പ്രശ്‌നങ്ങളിൽ പങ്കെടുക്കാനും പറയുന്നുണ്ട്. ഞങ്ങളതു പലപ്പോഴും പറയാറില്ല. ഞങ്ങൾ കളിക്കും, അവർ ആവശ്യപ്പെടും, ആരാധകർ എതിർപ്പു സൃഷ്‌ടിക്കും. നിരവധി ബ്രസീലിയൻ ആരാധകർ എനിക്കു നേരെ ആക്രമണം നടത്തിയതു മൂലം ഞാൻ സാമൂഹ്യമാധ്യമങ്ങൾ തന്നെ ഉപേക്ഷിച്ചിരുന്നു."

"ഇതെല്ലാം കൊണ്ടാണ് നിരവധി താരങ്ങൾ ഒന്നും പറയാത്തതും സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാത്തതും. കാരണം നിരവധി ദുഷിച്ച മനസുകൾ സോഷ്യൽ മീഡിയയിലുണ്ട്." റിച്ചാർലിസൺ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.