Football in Malayalam

അർജന്റീനയെ നേരിടുക കടുപ്പമാണെങ്കിലും ബ്രസീൽ തന്നെ കിരീടമുയർത്തുമെന്ന് റിച്ചാർലിസൺ

Sreejith N
Brazil v Peru - Copa America Brazil 2021: Semifinal
Brazil v Peru - Copa America Brazil 2021: Semifinal / Buda Mendes/Getty Images
facebooktwitterreddit

ലോകം കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ കീഴടക്കി ബ്രസീൽ തന്നെ കിരീടമുയർത്തുമെന്ന് കാനറികളുടെ മുന്നേറ്റനിര താരം റിച്ചാർലിസൺ. ഇരുടീമുകളിലും മികച്ച താരങ്ങളുള്ളതു കൊണ്ട് മത്സരം കടുപ്പമാകുമെന്നു പറഞ്ഞ എവെർട്ടൺ താരം ലോകത്തിലെ ഏറ്റവും മികച്ച താരം അർജന്റീനക്കൊപ്പമാണ് ഉള്ളതെന്നും വ്യക്തമാക്കി.

"ലാറ്റിനമേരിക്കയിലെ ഇരുടീമുകൾക്കുമിടയിൽ ഒരു വൈരി നിലനിൽക്കുന്നുണ്ട്. മറ്റൊരു തരത്തിൽ നോക്കുമ്പോൾ നിരവധി മഹത്തായ താരങ്ങൾ ഇരുവർക്കുമുണ്ട്. ഞങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരം അവർക്കൊപ്പമാണുള്ളത്. അതും ഒരു തരത്തിൽ രണ്ടു ടീമുകൾക്കുമിടയിൽ മത്സരം സൃഷ്ടിക്കുന്നു."

"അർജന്റീനയെ നേരിടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. ഇപ്പോൾ മാത്രമല്ല, മുൻപും അതങ്ങിനെ തന്നെയായിരുന്നു. മരക്കാന സ്റ്റേഡിയത്തിൽ ശനിയാഴ്‌ച ആരെയാണ് നേരിടാൻ പോവുന്നതെന്ന് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. മത്സരം കടുപ്പമായിരിക്കുമെങ്കിലും ഞങ്ങൾ തന്നെയാകും വിജയികൾ." റിച്ചാർലിസൺ വ്യക്തമാക്കി.

സ്വന്തം മണ്ണിൽ വെച്ച് തുടർച്ചയായ രണ്ടാം തവണയും നടക്കുന്ന കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം കിരീടമാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് തോറ്റു പുറത്തായതിനു പകരം വീട്ടാനിറങ്ങുന്ന അർജന്റീന അതിനു ശേഷം ഒരു മത്സരം പോലും തോറ്റിട്ടില്ല. ബ്രസീലും അവസാനമായി ഒരു മത്സരം തോറ്റത് അർജന്റീനയോടാണെന്നത് ഫൈനൽ പോരാട്ടത്തെ കൂടുതൽ ആവേശത്തിലാക്കുന്നു.

facebooktwitterreddit