റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയിച്ചതിനു പിന്നാലെ ലിവർപൂളിനെ കളിയാക്കി ബ്രസീലിയൻ താരം റിച്ചാർലിസൺ
By Sreejith N

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയം നേടിയതിനു പിന്നാലെ ലിവർപൂളിനെ കളിയാക്കി പ്രീമിയർ ലീഗ് ക്ലബായ എവർട്ടണിന്റെ ബ്രസീലിയൻ താരം റിച്ചാർലിസൺ. മത്സരത്തിനു തൊട്ടു പിന്നാലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിലൂടെയാണ് താരം ലിവർപൂളിനെ കളിയാക്കിയത്.
ഇന്നലെ നടന്ന ഫൈനലിൽ ലിവർപൂൾ ആക്രമണത്തിൽ മുന്നിൽ ഉണ്ടായിരുന്നെങ്കിലും അതിനെ കൃത്യമായി തടഞ്ഞു നിർത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. പ്രതിരോധത്തിലൂന്നി ലോങ്ങ് ബോളുകളും പ്രത്യാക്രമണങ്ങളുമായി കളിച്ച റയൽ മാഡ്രിഡിനു വേണ്ടി അൻപത്തിയൊമ്പതാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറാണ് ഗോൾ കണ്ടെത്തിയത്.
— Richarlison Andrade (@richarlison97) May 28, 2022
മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചതിനു പിന്നാലെ റിച്ചാർലിസൻ ഒരു ബസ് ഡ്രൈവറുടെ ചിത്രത്തിൽ തന്റെ തല മോർഫ് ചെയ്‌താണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. യാതൊരു തലക്കെട്ടും നൽകാത്ത ചിത്രത്തിലൂടെ ലിവർപൂളിനെ തിരികെ നാട്ടിലേക്ക് കൊണ്ടു പോകാൻ താൻ തയ്യാറാണെന്നാണ് താരം ഉദ്ദേശിക്കുന്നത്.
പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂളും എവർട്ടണും സ്ഥിതി ചെയ്യുന്നത് ഒരേ സ്ഥലത്താണ്. ഇരു ക്ലബുകളും തമ്മിലുള്ള വൈരിയും വളരെ പ്രശസ്‌തമാണ്. മുൻ എവർട്ടൺ പരിശീലകനായ കാർലോ ആൻസലോട്ടി ഫൈനലിനു മുൻപ് എവർട്ടൺ ആരാധകരുടെ പിന്തുണ തനിക്കുണ്ടാകുമെന്ന് പറയുകയും ചെയ്‌തിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.