Football in Malayalam

എവർട്ടൺ തന്റെ ഒളിമ്പിക്സ് സ്വപ്‌നം തകർക്കുമെന്ന ആശങ്ക പങ്കു വെച്ച് ബ്രസീലിയൻ താരം റിചാർലിസൺ

Sreejith N
Liverpool v Everton - Premier League
Liverpool v Everton - Premier League / Pool/Getty Images
facebooktwitterreddit

ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിലും കോപ്പ അമേരിക്ക ടൂർണ്ണമെന്റിലും ബ്രസീലിയൻ ടീമിനൊപ്പം ചേരാൻ എവർട്ടൺ അനുവദിച്ചേക്കില്ലെന്ന ആശങ്ക പങ്കു വെച്ച് ബ്രസീലിയൻ മുന്നേറ്റനിര താരം റിചാർലിസൺ. ഇതിൽ ഏതെങ്കിലും ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ മാത്രമേ എവർട്ടൺ അനുവദിക്കാൻ സാധ്യതയുള്ളുവെന്നും അങ്ങനെയാണെങ്കിൽ തന്റെ സ്വപ്‌നമായ ഒളിമ്പിക്‌സ് ടൂർണമെന്റ് നഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്.

"ഈ വർഷം കോപ്പ അമേരിക്ക ടൂർണമെന്റും ഒളിമ്പിക്‌സും നടക്കാനിരിക്കയാണ്. എന്നാൽ ഈ രണ്ടു ടൂർണ്ണമെന്റിലും പങ്കെടുക്കാൻ ക്ലബ് എന്നെ അനുവദിക്കുമെന്ന് കരുതുന്നില്ല. അവർക്കെന്നെ ഒരു ടൂർണമെന്റിനു മാത്രം വിടാനാണ് താൽപര്യം. അത് കോപ്പ അമേരിക്കയാണെന്ന് തോന്നുന്നു, എനിക്കറിയില്ല. ടീമിലിടം നേടുകയാണെങ്കിൽ കോപ്പ അമേരിക്കക്കും ഒളിമ്പിക്‌സിനും പോകണമെന്നാണ് ഞാൻ പറഞ്ഞത്," ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ ബ്രസീലിയൻ സ്‌ട്രൈക്കർ പറഞ്ഞു.

"പ്രായത്തിന്റെ പ്രശ്‌നം മൂലം ഒളിമ്പിക്സിൽ പങ്കെടുക്കാൻ എനിക്ക് മറ്റൊരു അവസരം ലഭിക്കുമോയെന്നറിയില്ല. എനിക്ക് പോകണം, കളിക്കണം. ഞാനൊരിക്കലും ഒളിമ്പിക്‌സ് കളിച്ചിട്ടില്ല, ഞങ്ങൾക്ക് കിരീടം നിലനിർത്തുകയും വേണം. അത് ക്ലബിനുള്ളിൽ സംസാരിച്ച് എന്ത് തീരുമാനമാണ് അവർ എടുക്കുകയെന്ന് അറിയേണ്ടതുണ്ട്."

നിലവിൽ ഇരുപത്തിനാലു വയസാണ് റീചാർലിസണിന്റെ പ്രായം. ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള പ്രായപരിധി ഇരുപത്തിമൂന്നാണെങ്കിലും അതിനേക്കാൾ പ്രായം കൂടിയ മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് 1996ൽ തീരുമാനിച്ചിരുന്നു. അതുകൊണ്ടു തന്നെ റിയോ ഒളിമ്പിക്‌സിൽ നേടിയ സ്വർണമെഡൽ നിലനിർത്താനിറങ്ങാൻ റിച്ചാർലിസണിനു കഴിയും. എന്നാൽ ഒരു ടൂർണമെന്റിൽ മാത്രം കളിച്ചാൽ മതിയെന്ന് എവർട്ടൻ തീരുമാനിക്കുകയാണെങ്കിൽ ഏതെങ്കിലുമൊരു ടൂർണമെന്റ് താരത്തിന് നഷ്ടമാവുകയും ചെയ്യും.

facebooktwitterreddit