ക്ലബ് വിടാനനുവദിക്കണമെന്ന റൊണാൾഡോയുടെ ആവശ്യം പിൻവലിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മേധാവി ശ്രമം നടത്തുന്നു


ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഓൾഡ് ട്രാഫോഡ് വിടാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നതെങ്കിലും താരത്തെ നിലനിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ക്ലബ് വിടണമെന്ന റൊണാൾഡോയുടെ ആവശ്യത്തിൽ നിന്നും താരത്തെ പിന്തിരിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് അർനോൾഡ് ശ്രമങ്ങളാരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഈ മാസത്തിന്റെ തുടക്കത്തിലാണ് മികച്ച ഓഫറുകൾ ലഭിച്ചാൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടതും അതിന്റെ ഭാഗമായി പ്രതിഫലം വെട്ടിക്കുറച്ചതും ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബിന്റെ മെല്ലെപ്പോക്കുമാണ് താരം ട്രാൻസ്ഫർ പരിഗണിക്കാനുള്ള കാരണമായി കരുതപ്പെടുന്നത്.
Man United chief exec Richard Arnold 'steps in to convince Cristiano Ronaldo to WITHDRAW his request to leave' https://t.co/7od1TXpX8x
— MailOnline Sport (@MailSport) July 12, 2022
എന്നാൽ അഭ്യൂഹങ്ങളുടെ തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലനിർത്താനുള്ള താൽപര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയിരുന്നു. കുടുംബപരമായ കാരണങ്ങൾ കൊണ്ട് ഇതുവരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലെത്താത്ത താരം പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിലും ഇടം പിടിച്ചിട്ടില്ല. എങ്കിലും റൊണാൾഡോയെ ഏതു വിധേനെയും ക്ലബിനൊപ്പം തുടരാൻ സമ്മതിപ്പിക്കുക എന്ന പദ്ധതിയിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു പോകുന്നത്.
ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ക്യാംപിൽ സ്വാധീനം ചെലുത്തി താരത്തിന്റെ തീരുമാനം പിൻവലിപ്പിക്കാനുള്ള ചുമതല റിച്ചാർഡ് അർണോൾഡിനു നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ടീമിനും പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിനും താരത്തെ എത്രത്തോളം ആവശ്യമുണ്ടെന്ന കാര്യം കൃത്യമായി ധരിപ്പിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.
ലിവർപൂളിനെതിരെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന പ്രീ സീസൺ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ റൊണാൾഡോ ക്ലബ് വിടില്ലെന്നും താരത്തെ ആവശ്യമുണ്ടെന്നും എറിക് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. നിലവിൽ ചെൽസി, നാപ്പോളി തുടങ്ങിയ ക്ലബുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.