വിവരങ്ങൾ ചോർത്തുന്ന രണ്ടു പേർ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടെന്ന് ക്ലബിന്റെ സിഇഒ റിച്ചാർഡ് അർണോൾഡ്

Richard Arnold Says Two Sources Of Leaks Left Man Utd
Richard Arnold Says Two Sources Of Leaks Left Man Utd / Fred Lee/GettyImages
facebooktwitterreddit

വിവരങ്ങൾ ചോർത്തുകയും ഡ്രസിങ് റൂമിൽ അസുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടെന്ന് ക്ലബിന്റെ സിഇഒയായ റിച്ചാർഡ് അർണോൾഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്കെതിരെ പ്രതിഷേധവുമായി വന്ന ആരാധകരുടെ സംഘത്തോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്പോർട്ട്മെയിൽ റിപ്പോർട്ട് ചെയ്‌തതു പ്രകാരം ഒരു സംഘം ആരാധകർ കഴിഞ്ഞ ദിവസം റിച്ചാർഡ് അർണോൾഡ് താമസിക്കുന്ന ഏരിയയിലേക്ക് പോയിരുന്നു. ക്ലബ് ഉടമകളായ ഗ്ലെസേഴ്‌സിനെതിരെ പ്രതിഷേധം ഉയർത്തുന്നതിനു വേണ്ടിയാണ് പോയതെങ്കിലും ഒരു പബ്ബിൽ വെച്ച് അവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുകയാണുണ്ടായത്.

റിച്ചാർഡ് അർണോൾഡ് സംസാരിക്കുന്നത് ആരാധകർ രഹസ്യമായി വീഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം ഫോമിൽ വളരെയധികം നിരാശയുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം അതിനു ശേഷമാണ് വിവരങ്ങൾ ചോർത്തുന്ന രണ്ടു പേർ ക്ലബ് വിട്ടുവെന്നു പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രശ്‌നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം റിച്ചാര്ഡിന്റെ പരാമർശം കളിക്കാരെയാണോ അതോ സ്റ്റാഫുകളെയാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. നിലവിൽ ആറു താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരിക്കുന്നത്. കരാർ അവസാനിച്ച പോൾ പോഗ്ബ, ജെസ്സെ ലിംഗാർഡ്, എഡിസൺ കവാനി, നേമാന്യ മാറ്റിച്ച്, യുവാൻ മാറ്റ എന്നിവരാണ് ഈ താരങ്ങൾ.

ഈ സീസണിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ ചിലർ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ക്ലബിന്റെ ഇതിഹാസതാരവും സ്കൈ സ്പോർട്സ് പണ്ഡിറ്റുമായ ഗാരി നെവിൽ വ്യക്തമാക്കിയിരുന്നു. റാൾഫ് റാങ്നിക്കും സഹപരിശീലകരും ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.