Football in Malayalam

'പരിപൂർണതയാണ് റൊണാൾഡോയുടെ ലക്ഷ്യം' - യുവന്റസ് താരവും എംബാപ്പയും വിജയം നേടുന്നതിന്റെ കാരണം വെളിപ്പെടുത്തി കാർവാലോ

Sreejith N
TOPSHOT-FBL-EUR-NATIONS-FRA-POR
TOPSHOT-FBL-EUR-NATIONS-FRA-POR / FRANCK FIFE/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയും കെയ്‌ലിയൻ എംബാപ്പയും ലോകഫുട്ബോളിന്റെ ഉയരങ്ങളിൽ എത്തിയതിനെക്കുറിച്ചും മറ്റുള്ള താരങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത തലത്തിലേക്ക് അവരുടെ പ്രകടനത്തിന്റെ നിലവാരം ഉയർത്തിയതിനെക്കുറിച്ചും പ്രതികരിച്ച് മുൻ പോർച്ചുഗൽ താരം റിക്കാർഡോ കാർവാലോ. പോർച്ചുഗലിലും റയൽ മാഡ്രിഡിലും റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള കാർവാലോ സ്വന്തം പ്രകടനമികവ് അടുത്തൊന്നും കുറഞ്ഞുപോകാൻ യുവന്റസ് താരം അനുവദിക്കില്ലെന്നും വ്യക്തമാക്കി.

റൊണാൾഡോയുടെ ഏറ്റവും മികച്ച പ്രകടനം ലോകം കണ്ടുവോയെന്ന ചോദ്യത്തോട് ഫോർഫോർടുവിനോടു മറുപടി പറയുകയായിരുന്നു കാർവാലോ. "ആളുകൾ അത് കണ്ടുവെന്നാണു ഞാൻ കരുതുന്നത്. വർഷങ്ങൾ കഴിയുംതോറും താരം വളരുകയും കൂടുതൽ പക്വത കൈവരിക്കുകയും ചെയ്‌തു. എന്നാൽ ഒന്നു മാത്രം മാറിയില്ല. വിജയിക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങളിലാണ് റൊണാൾഡോയുടെ ജീവിതം കറങ്ങിത്തിരിയുന്നത്."

"റൊണാൾഡോ പരിപൂർണത ആഗ്രഹിക്കുന്നയാളാണ്. തനിക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹം മറ്റൊരാളിൽ നിന്നും ആവശ്യപ്പെടില്ല. ആളുകൾ അദ്ദേഹത്തെ വിമർശിക്കാം, അംഗീകരിക്കാതിരിക്കാം, അതൊരു ഫുട്ബോളറെ സംബന്ധിച്ച് വലിയ കാര്യമല്ല. താരം ലോകത്തിനു മുന്നിൽ പോർച്ചുഗലിന്റെ ഏറ്റവും വലിയ അടയാളമാണ്. സ്വന്തം യോഗ്യത കൊണ്ട് വർഷങ്ങളായി ആ പൊസിഷനിൽ താരം തുടരുന്നു," കാർവാലോ പറഞ്ഞു.

എംബാപ്പയെക്കുറിച്ചുള്ള ചോദ്യത്തിന് താരം ഒരു ഫൈവ് സ്റ്റാർ പേഴ്‌സണാണെന്നാണ് കാർവാലോ അഭിപ്രായപ്പെട്ടത്. ഒരു കൂട്ടം താരങ്ങളെ മാതൃകയായി കാണുകയും അതിൽ നിന്നും പിന്നീട് അൽപ്പം പോലും മാറാതിരിക്കുകയും ചെയ്യുന്ന എംബാപ്പയെ പോലുള്ള കളിക്കാർ ഫുട്ബോളിലെ മികച്ച അനുഭവമാണെന്ന് അഭിപ്രായപ്പെട്ട കാർവാലോ താരത്തെപ്പോലൊരു പ്രതിഭ ഉയർന്നു വരുന്നത് സന്തോഷമാണെന്നും വ്യക്തമാക്കി.

വ്യക്തികേന്ദ്രീകൃതമായി കളിക്കുന്നയാളാണ് എംബാപ്പയെന്നും അതു തീരുമാനങ്ങൾ എടുക്കാനുള്ള താരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നതിൽ പ്രാധാന്യമുള്ളതാണെന്നും കാർവാലോ അഭിപ്രായപ്പെട്ടു. എല്ലായിപ്പോഴും കൂടുതൽ മികവ് കാണിക്കാനും ടീമിന് ബാലൻസ് സൃഷ്‌ടിക്കാനും ശ്രമിക്കുന്നതു വഴിയാണ് താരം തന്റെ നിലവാരത്തിലേക്ക് എത്തിച്ചേർന്നതെന്നും മുൻ പോർച്ചുഗീസ് പ്രതിരോധതാരം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit