Bayern M�nchen News

2013ലെ ബാലൺ ഡി ഓർ പുരസ്‌കാരം അർഹിച്ചിരുന്നത് താനാണെന്ന് ഫ്രാങ്ക് റിബറി

Sreejith N
Frank Ribery Says He Deserve To Win 2013 Ballon D'or
Frank Ribery Says He Deserve To Win 2013 Ballon D'or / Ian MacNicol/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിൽ ഒന്നായ ബാലൺ ഡി ഓറിൽ കഴിഞ്ഞ നിരവധി വർഷങ്ങളായി മെസിയും റൊണാൾഡോയും ആധിപത്യം പുലർത്തിയിരുന്നു. പന്ത്രണ്ടു ബാലൺ ഡി ഓർ ഇരുവരും ചേർന്ന് നേടിയപ്പോൾ അതിനിടയിൽ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് മാത്രം ഒരു തവണ ഇവരെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം 2013ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ തനിക്കാണ് ഏറ്റവുമധികം അർഹതയുണ്ടായിരുന്നതെന്നാണ് മുൻ ഫ്രഞ്ച് താരമായ ഫ്രാങ്ക് റിബറി പറയുന്നത്. സമാനമായ അഭിപ്രായം മുൻപും പ്രകടിപ്പിച്ചിട്ടുള്ള ഫ്രാങ്ക് റിബറി കഴിഞ്ഞ ദിവസം ഗസറ്റ ഡെല്ല സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് ആ വർഷം റൊണാൾഡോക്ക് പുരസ്‌കാരം നൽകിയത് അനീതിയാണെന്നു വെളിപ്പെടുത്തിയത്.

"അത് അനീതിയായിരുന്നു. എന്നെ സംബന്ധിച്ച് അസാധാരണ സീസണായിരുന്നു അത്, ഞാനാ പുരസ്‌കാരം നേടേണ്ടിയിരുന്നു. അവർ വോട്ടിങ്ങിന്റെ സമയം നീട്ടി, വിചിത്രമായ എന്തൊക്കെയോ സംഭവിച്ചു. അതൊരു രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പായിരുന്നു." റിബറി അഭിമുഖത്തിൽ പറഞ്ഞു.

ബയേൺ മ്യൂണിക്കിനൊപ്പം ആ സീസണിൽ ട്രിബിൾ കിരീടങ്ങൾ നേടാൻ റിബറിക്ക് കഴിഞ്ഞിരുന്നു. 43 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടിയ താരം ടീമിന്റെ കിരീടനേട്ടങ്ങളിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തിരുന്നു. പുരസ്‌കാരത്തിനുള്ള വോട്ടിങ് അവസാനിക്കുന്ന തീയതി ആദ്യം തീരുമാനിച്ചത് നവംബർ 15നു ആയിരുന്നെങ്കിലും പിന്നീടത് നവംബർ 29 വരെ നീട്ടുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit