"ഇത് ബാഴ്സക്കു വേണ്ടിയുള്ള അരങ്ങേറ്റം പോലെ"- കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അൻസു ഫാറ്റി


യൂറോപ്യൻ ഫുട്ബോളിലെ വിസ്മയമായി ഉയർന്നു വന്ന അൻസു ഫാറ്റിക്ക് കഴിഞ്ഞ നവംബറിലേറ്റ പരിക്കു നൽകിയ തിരിച്ചടി ചെറുതല്ല. കഴിഞ്ഞ സീസണിൽ ബാഴ്സലോണയുടെ ടോപ് സ്കോററായി നിൽക്കുമ്പോഴാണ് മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് താരം കളിക്കളം വിടുന്നത്. അതിനു ശേഷം തുടർ ശസ്ത്രക്രിയകൾക്ക് വിധേയനായ സ്പാനിഷ് താരം പത്തു മാസങ്ങൾക്കു ശേഷം ആദ്യമായി കളിക്കളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്.
ബാഴ്സലോണക്ക് വേണ്ടി ദീർഘകാലത്തിനു ശേഷം മത്സരത്തിനു തയ്യാറെടുക്കുന്നത് തന്റെ അരങ്ങേറ്റം പോലെയാണെന്നാണ് ഫാറ്റി പറയുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമം മാർക്കയോട് സംസാരിക്കുമ്പോൾ പരിക്കേറ്റ സമയത്ത് ആരാധകർ നൽകിയ പിന്തുണക്കു നന്ദി പറഞ്ഞ താരം തന്നിലർപ്പിച്ച വിശ്വാസത്തിനു പകരം നൽകാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി.
Yes, he's back! @ANSUFATI is back! ?
— FC Barcelona (@FCBarcelona) September 25, 2021
"ആരാധകരോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചതു പോലെ തോന്നുകയും അതെന്നെ പരിക്കിൽ നിന്നുള്ള വീണ്ടെടുപ്പിനു സഹായിക്കുകയും ചെയ്തു. ക്യാമ്പ് നൂവിലേക്ക് തിരിച്ചെത്തുന്നതിലൂടെ എന്നിൽ അർപ്പിച്ച വിശ്വാസത്തിനു തിരിച്ചു നൽകാനാണ് ഞാൻ ശ്രമിക്കുക. ഇതെന്റെ അരങ്ങേറ്റ ദിവസം പോലെയായിരിക്കും."
"ഏതാണ്ട് രണ്ടു വർഷത്തോളമായി ആരാധകർക്കു മുന്നിൽ കളിക്കാൻ കഴിയാതിരിക്കുന്നു, അതുകൊണ്ടു തന്നെ ഇതെനിക്ക് വളരെ സവിശേഷമായ കാര്യമാണ്. ആരാധർക്കു മുന്നിൽ നല്ലൊരു പ്രകടനം നടത്താൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്." ഫാറ്റി പറഞ്ഞു.
പരിക്കു പറ്റിയതിന്റെ ആദ്യനാളുകൾ ബുദ്ധിമുട്ടും നിരാശയും നിറഞ്ഞതായിരുന്നെങ്കിലും പിന്നീടത് കൂടുതൽ പക്വത കൈവരിക്കാൻ സഹായിച്ചുവെന്നും ഫാറ്റി പറഞ്ഞു. ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി തനിക്ക് നൽകിയതിനും താരം നന്ദി പറഞ്ഞു.
"പത്താം നമ്പർ ജേഴ്സി എനിക്കു വലിയൊരു ബഹുമതിയാണ്. അതണിയാൻ അവസരം നൽകിയതിനു ഞാൻ ക്ലബിനോട് നന്ദി പറയുന്നു. നമ്പർ 10 എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതൊരു വെല്ലുവിളിയാണ്, ലിയോയും റൊണാൾഡിന്യോയും അതണിഞ്ഞവരാണ്. എന്നാൽ നമ്മൾ ബാഴ്സയിലാകുമ്പോൾ എന്തിനും തയ്യാറായിരിക്കണം." ഫാറ്റി പറഞ്ഞു.